കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 22 പേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ ടൗണ്‍ പോലീസാണ് സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തത്. പി ജയരാജന്‍, എം വി ജയരാജന്‍, പി കെ ശ്രീമതി തുടങ്ങിയ നേതാക്കള്‍ക്കെതിരെയും കെ കെ നാരായണന്‍, കെ സി കൃഷ്ണന്‍ എന്നീ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തു.തളിപ്പറമ്പ് നഗരസഭാ വൈസ്‌ചെയര്‍മാന്‍ കെ മുരളി ഉള്‍പ്പെടെയുള്ളവരെയാണ് വിവിധ സ്റ്റേഷനുകളിലായി കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിക്കെതിരെ കല്ലേറു നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. ആയിരത്തോളം സിപിഐ(എം) പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു.

രാത്രി ഒരുമണിക്ക് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി വിദഗ്ധപരിശോധനയ്ക്കായി മെഡിക്കല്‍കോളജിലെത്തി. ഒരുദിവസത്തെ വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന് അവിടെത്തന്നെ അഡ്മിറ്റായി. കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലുമാണ് പരിക്കേറ്റത്. നെഞ്ചില്‍ നീര്‍ക്കെട്ടും വേദനയുമുണ്ട്.കണ്ണൂര്‍ സംഭവത്തെക്കുറിച്ച് ഉത്തരമേഖലാ എ.ഡി.ജി.പി എന്‍ ശങ്കര്‍റെഡ്ഡിയും കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതും ആണ് അന്വേഷിക്കുന്നത്. പോലീസ് സേനയുടെ ഔദ്യോഗിക പരിപാടിക്കിടയില്‍ തന്നെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചാണ് ശങ്കര്‍റെഡ്ഡി അന്വേഷിക്കുക. മുഖ്യമന്ത്രിയുടെ നേര്‍ക്കുള്ള ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുക കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതും ആയിരിക്കും.

ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നതതല പോലീസ് യോഗം കണ്ണൂരില്‍ ചേര്‍ന്നു. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനിടെയായിരുന്നു കല്ലേറ്. കല്ലേറില്‍ കാറിന്റെ വലതു ഭാഗത്തെ ചില്ല് തകര്‍ന്ന് മുഖ്യമന്ത്രിയുടെ മുഖത്തേക്ക് തെറിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ നെറ്റിയില്‍ രണ്ടിടത്തായാണ് മുറിവേറ്റത്.മുഖ്യമന്ത്രി ഇന്നോവ കാറിലെ പിന്‍സീറ്റില്‍ വലതു വശത്തായിരുന്നു ഇരുന്നത്. ഉമ്മന്‍ചാണ്ടിയെ കൂടാതെ മന്ത്രി കെ.സി. ജോസഫും, കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖുമുണ്ടായിരുന്നു. പോലീസ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയത്.ഇടത് പ്രവര്‍ത്തകരുടെ ഉപരോധ സമരം കണക്കിലെടുത്ത് ദേശീയ പാതയ്ക്ക് സമീപം കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രി പോലീസ് മൈതാനത്തെത്തിയത്. മുഖ്യമന്ത്രിയെ ഒന്നാം ഗേറ്റിലൂടെ മൈതാനത്തേയ്ക്ക് കൊണ്ടുവരാനായിരുന്നു പോലീസിന്റെ ശ്രമം. ഇതിനിടെയാണ് ആര്‍ടിഒ ഓഫീസിന് സമീപത്തു നിന്നുമാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്.