ന്യൂഡല്‍ഹി: ഡാറ്റാ സെന്റര്‍ കേസില്‍ വിവാദ ദല്ലാല്‍ ടി.ജി. നന്ദകുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണം തടയണമെന്ന ഹര്‍ജിയാണ് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിയത്. ഇതോടെ കേസില്‍ സിബിഐ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാനാകുമെന്ന് ഉറപ്പായി.ഡാറ്റാ സെന്റര്‍ കേസിലെ സിബിഐ അന്വേഷണത്തെ പറ്റി ഹൈക്കോടതിയെ അറിയിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന എജിയുടെ വിശദീകരണമാണ് സുപ്രീംകോടതി അംഗീകരിച്ചത്.

എജിയും ചീഫ് സെക്രട്ടറിയും നല്‍കിയിരിക്കുന്ന സത്യവാങ്മൂലങ്ങളില്‍ ഒരേ നിലപാടായത് കൊണ്ട് നന്ദകുമാറിന്റെ വാദങ്ങള്‍ തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.കേസില്‍ കക്ഷിയായ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജും കേസ് പരിഗണിച്ചപ്പോള്‍ ഇന്ന് കോടതിയില്‍ ഹാജരായി.നേരത്തെ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയും പൊട്ടിത്തെറിയും രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ പിന്നീട് മന്ത്രിസഭാ യോഗം ചേര്‍ന്ന് അറ്റോര്‍ണി ജനറലിന്റെ ഉപദേശത്തെ തള്ളി കൊണ്ട് സിബിഐ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.