തൃശൂര്‍: ബൈക്കിനു പിന്നിലിരുന്നു യാത്രചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയിലെന്ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ ഋഷിരാജ്‌സിംഗ്‌.ബൈക്ക്‌ യാത്രക്കാര്‍ ഹെല്‍മറ്റ്‌ ധരിക്കണമെന്നു നിയമം ഉണ്ടെങ്കിലും ബൈക്കിനു പിന്നിലിരുന്നു യാത്രചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ മന്ത്രിസഭയാണു തീരുമാനം എടുക്കേണ്ടത്‌. ഇക്കാര്യത്തില്‍ നടപടി വേണ്ടെന്നു സംസ്‌ഥാന മന്ത്രിസഭ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തീരുമാനം എടുത്തിട്ടുണ്ട്‌. എന്നാല്‍ ഈ തീരുമാനം തിരുത്തണമെന്നു മോട്ടോര്‍ വാഹന വകുപ്പ്‌ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്യും. അടിയന്തരവൈദ്യസഹായം ലഭ്യമാക്കുന്ന ഇന്‍ഡോ-യു.എസ്‌. സംരംഭമായ എമര്‍ജന്‍സി മെഡിസിന്‍ ശില്‍പശാലയായ ഇന്‍ഡെസം-2013ല്‍ നടന്ന സെമിനാര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന്‌ തലയ്‌ക്കു പരുക്കേറ്റുണ്ടാകുന്ന മരണങ്ങള്‍ കുറഞ്ഞു.റോഡ്‌ അപകടത്തില്‍പെടുന്നവരെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതാണ്‌ ഇന്ത്യയില്‍ സംഭവിക്കുന്ന 74 ശതമാനം അപകടമരണങ്ങളുടെയും കാരണം. നട്ടെല്ല്‌, തല, കൈകാലുകള്‍ എന്നിവയ്‌ക്കും മറ്റും പരുക്കേറ്റവരെ അപകടത്തില്‍ സഹായിക്കാന്‍ വൈദഗ്‌ധ്യം ആവശ്യമാണ്‌. ഇതിനായി തിരുവനന്തപുരം ജില്ലയില്‍ ഡോക്‌ടര്‍മാരുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.അപകടസ്‌ഥലങ്ങളില്‍ ആദ്യം എത്തുന്നവരായ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കു പരിശീലനം നല്‍കി വോളണ്ടിയര്‍മാരായി തെരഞ്ഞെടുക്കും. ആദ്യഘട്ടത്തില്‍ ഇരുപതിനായിരം പേര്‍ക്കു പരിശീലനം നല്‍കും. പദ്ധതി വിജയിച്ചാല്‍ മറ്റു ജില്ലകളിലും നടപ്പാക്കും.

ഡല്‍ഹി സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ രൂപീകരിച്ച ജസ്‌റ്റീസ്‌ വര്‍മ കമ്മിഷന്‍ നിര്‍ദേശിച്ച, ബസില്‍ ഡ്രൈവറുടെയും കണ്ടക്‌ടറുടെയും ഫോണ്‍ നമ്പരുകള്‍ കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നതും വൈകുന്നേരം 6 മുതല്‍ 10 വരെയുള്ള സമയത്ത്‌ സ്‌ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത്‌ ബസ്‌ നിര്‍ത്തണമെന്നതും ആയ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും സര്‍ക്കാരിനോടു ആവശ്യപ്പെടും. ബസ്‌ ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നത്‌ ശ്രദ്ധിക്കപ്പെട്ടാല്‍ തന്റെ നമ്പരിലോ മോട്ടോര്‍ വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ നമ്പരിലോ അറിയിക്കണമെന്നും ഋഷിരാജ്‌ സിംഗ്‌ ആവശ്യപ്പെട്ടു.