പട്‌ന: പാട്‌ന സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ മുജാഹിദ്ദിനാണെന്ന് സംശയിക്കുന്നതായി ഝാര്‍ഖണ്ഡ് പോലീസ്.സ്‌ഫോടനത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദിന്റെ പങ്ക് തെളിയിക്കുന്നതിനായി അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.മുഖ്യസൂത്രധാരന്‍ തെഹ്‌സീന്‍ അക്തറെന്ന ഭീകരനാണ്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ടൈമറുകളും കണ്ടെത്തി. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകും. റാഞ്ചി മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് സ്‌ഫോടനങ്ങളില്‍ പങ്കുള്ളതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നലെയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന റാലിക്ക് മിനിറ്റുകള്‍ക്ക് മുമ്പുണ്ടായ സ്‌ഫോടനപരമ്പരയില്‍ ആറുപേര്‍ മരിച്ചത്. 83 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ബി.ജെ.പി.യുടെ ‘ഹുങ്കാര്‍ റാലി’യുടെ വേദിയായ ഗാന്ധിമൈതാനത്തിന്റെ പരിസരത്തും പട്‌ന റെയില്‍വേ സ്റ്റേഷനിലുമാണ് ഞായറാഴ്ച രാവിലെ സ്‌ഫോടന പരമ്പരയുണ്ടായത്.എന്നാല്‍, സ്‌ഫോടനത്തെ അവഗണിച്ച് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോദിയും ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും റാലിയെ അഭിസംബോധന ചെയ്തു.മൂന്നുമണിക്കൂറിനിടയില്‍ ഏഴ് സ്‌ഫോടനമുണ്ടായി. വേദിയിലേക്ക് മോദിയും മറ്റ് നേതാക്കളും എത്തുന്നതിന് നാല്പത് മിനിറ്റ് മുമ്പായിരുന്നു അവസാനത്തെ സ്‌ഫോടനം.