മാഡ്രിഡ്: അമേരിക്കന്‍ സുരക്ഷാ ഏജന്‍സി എന്‍എസ്എ സ്പാനിഷ് പൗരന്‍മാരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി. ഒരു മാസത്തിനിടെ 60 മില്യണ്‍ സ്പാനിഷ് ഫോണ്‍ കോളുകളാണ് എന്‍എസ്എ ചോര്‍ത്തിയതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2012 ഡിസംബറിലാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നത്. ഫോണ്‍ വിവരങ്ങള്‍ക്ക് പുറമെ ഇമെയിലുകളും അമേരിക്ക ചോര്‍ത്തിയിട്ടുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്‍എസ്എ മുന്‍ കരാര്‍ ജീവനക്കാരന്‍ എഡ്വേഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളെ ഉദ്ധരിച്ചാണ് സ്‌പെയിനിലെ അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

സ്പാനിഷ് പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങള്‍ യുഎസ് ചോര്‍ത്തിയെന്ന വിവരം പുറത്തുവന്ന പശ്ചാത്തലത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്പാനിഷ് വിദേശകാര്യ മന്ത്രാലയം അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തിയിട്ടുണ്ട്.നേരത്തെ ഫ്രഞ്ച് പൗരന്‍മാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിലും ജര്‍മ്മന്‍ ചാന്‍സല്‍ അഞ്ചേല മാര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിലും ഫ്രാന്‍സും ജര്‍മ്മനിയും അമേരിക്കയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സ്‌പെയിനിലെ ഫോണ്‍ ചോര്‍ത്തല്‍ വിവരം പുറത്തുവന്നിരിക്കുന്നത്.