തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുണ്ടായ കല്ലേറിന്റെ ഗുണഫലം ഇന്ന് സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്‍കുന്ന മുഖ്യമന്ത്രിക്കാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ എല്‍ഡിഎഫ് മുതിരില്ലെന്ന് പിണറായി വ്യക്തമാക്കി.കണ്ണൂരിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ട സംഭവം പൊലീസിന്റെ അറിവോടെയാണെന്നും പിണറായി വിജയൻ ആരോപിച്ചു. അക്രമികൾ ആരെന്ന് വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസിന് നൽകണമെന്നും പിണറായി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ആക്രമണത്തിൽ എൽ.ഡി.എഫിന് പങ്കില്ല. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനുള്ള ഗൗരവമായ അന്വേഷണം വേണം. അതിന് ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും പിണറായി പറഞ്ഞു.

ഇത്രയും ഒറ്റപ്പെട്ട മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. മുഖ്യന്ത്രി നാട്ടിലെ തട്ടിപ്പുകാരുടെ സംരക്ഷകനായി മാറിയതായും പിണറായി ആരോപിച്ചു.സോളാർ വിവാദത്തിലെ പ്രതിഷേധം ഒരിക്കലും അതിരു കടന്നിട്ടില്ല.മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരും.മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കുകയെന്ന അജണ്ടയില്ല.പ്രതിപക്ഷ സമരത്തിൽ അക്രമികള്‍ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചിട്ടും പോലീസ് ശക്തമായ നടപടി എടുത്തില്ലെന്നും പിണറായി പറഞ്ഞു. ഇന്നലെ സമരം ചെയ്ത നാലിടങ്ങളിലും യാതൊരു അക്രമണം ഉണ്ടായിട്ടില്ല. അത് ചാനലുകളില്‍ നിന്നും വ്യക്തമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.അതേസമയം മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആക്രമിച്ചവരുടെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.