ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം. ജമ്മു കശ്മീരിലെ ഉറി മേഖലയിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ സേനയുടെ ജൂനിയര്‍ കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു ജമ്മു കശ്മീരിലെ ഉറി മേഖലയില്‍ പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്നും ശക്തമായ വെടിവെപ്പ്‌ ഉണ്ടായത്.ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ശ്രീനഗര്‍ മുസഫറാബാദ് ബസ് സര്‍വീസ് നിര്‍ത്തലാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്നും വെടിവെപ്പ് ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് വീണ്ടും വെടിവെപ്പ് ഉണ്ടാകുകയും ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്ക് ഭയമില്ലാതെ അവരവരുടെ വീടുകളില്‍ ഉറങ്ങാന്‍ സാധിക്കുന്നുണ്ട്. ഇത് പ്രതീക്ഷ നല്കുന്നതാണെന്ന് ട്വിറ്ററിലൂടെ ഒമര്‍ അബ്ദുള്ള പറഞ്ഞത്.ഈ വര്‍ഷം ഇതു വരെ പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്നും 130 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായിട്ടുണ്ട്.