സൗദി: വനിതകളുടെ ഡ്രൈവിംഗ് അവകാശത്തിനായി ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് സൗദി സര്‍ക്കാര്‍. നിലവിലെ സൗദി നിയമ പ്രകാരം പുരുഷന്മാര്‍ക്ക് മാത്രമെ വാഹനം ഓടിക്കാന്‍ സാധിക്കു. സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കണമെന്ന ആവശ്യം അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരെ പിന്തുണച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. അറബി പത്രമായ അല്‍ ഹയാതാണ് സൗദി മന്ത്രാലയ വക്താവ് തുര്‍ക്കി അല്‍ ഫൈസലിനെ ഉദ്ദരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗദി നിയമങ്ങളെ ലംഘിച്ച് കൊണ്ട് വിദേശ ലൈസന്‍സുള്ള സ്ത്രീകള്‍ ശനിയാഴ്ച രാജ്യത്ത് വാഹനം ഓടിച്ച് പ്രതിഷേധിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ കൂടിയാണ് ഈ പ്രതിഷേധത്തിനായി ആളുകളെ കൂട്ടുന്നതും, പ്രചാരണം നല്‍കുന്നതും എന്നതിനാല്‍ സൗദി അധികൃതരുടെ മുന്നറിയിപ്പ് ഗൗരവത്തോടെയാണ് ഓണ്‍ലൈന്‍ ലോകം വീക്ഷിക്കുന്നത്.

സൗദിയിലെ ഗതാഗതനിയമങ്ങള്‍ പ്രകാരം സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ മതപുരോഹിതന്മാരാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നുമാണ് പ്രതിഷേധക്കാരുടെ വാദം. സൗദി നിരത്തുകളില്‍ കൂടി വാഹനം ഓടിച്ചതിന്റെ ദൃശ്യം യൂട്യൂബ് വഴി പ്രചരിപ്പിച്ചതിന് നേരത്തെ മനുഷ്യാവകാശ പ്രവര്‍ത്തകയായ മനാല്‍ അല്‍ഷേരീഫിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2011 മെയ് മാസത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട മനാലിന് ഒരാഴ്ച്ചയിലേറെ ജയിലില്‍ കഴിയേണ്ടി വന്നു. ഇതിന് ശേഷം സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് മുന്‍പന്തിയില്‍ മനാല്‍ അല്‍ഷേരീഫ് ഉണ്ടായിരുന്നു.റാലികളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച് രാജ്യ സമാധാനത്തിന് പ്രശ്‌നം സൃഷ്ടിക്കുന്നവര്‍ക്ക് അറസ്റ്റ് നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.