തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ കടം 3450 കോടി രൂപയായി. റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. നിലനില്‍പ് തന്നെ അപകടത്തിലാണെന്നും ബോര്‍ഡ് അധികൃതര്‍ കമ്മിഷനെ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് വരെ ബോര്‍ഡ് 1826 കോടിയുടെ ഹ്രസ്വകാല വായ്പയെടുത്തു. 1624 കോടി ഓവര്‍ഡ്രാഫ്റ്റിലുമായി. നടപ്പു സാമ്പത്തിക വര്‍ഷം കണക്കാക്കി റവന്യൂ കമ്മിയും കമ്മിഷന്‍ അംഗീകരിച്ചില്ല എന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.ബോര്‍ഡിന്റെ ദൈനംദിന ചെലവിനുള്ള തുക വെട്ടിക്കുറിച്ചതിനെതിരെ നല്‍കിയ അപ്പലീലുള്ള വാദത്തിലാണ് കെ.എസ്.ഇ.ബി വാദങ്ങൾ നിരത്തിയത്.

ബോര്‍ഡ് കണക്കായതില്‍ ‍1690 കോടിയുടെ റവന്യൂ കമ്മിയാണ് കമ്മിഷന്‍ വെട്ടിക്കുറച്ചത്. ഇതുമൂലം ബോര്‍ഡിന്റെ കടം ഇനിയും ഉയരും. ജീവനക്കാരുടെ ശമ്പളത്തിനായി 2551 കോടിയാണ് ബോര്‍ഡ് കണക്കാക്കിയത്. എന്നാല്‍ കമ്മീഷന്‍ 747 കോടി വെട്ടിക്കുറച്ചു. ഇങ്ങനെ നടത്തിപ്പ് ചെലവ് വെട്ടിക്കുറക്കുന്നത് ബോര്‍ഡിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കും. വരവ് ചെലവ് നിശ്ചയിക്കുന്നതിന് മാനദണ്ഡം വേണം. റവന്യൂ കമ്മി നികത്തണമെങ്കിലും നടപ്പു വര്‍ഷം വീണ്ടും നിരക്ക് വര്‍ധന ആവശ്യപ്പെടില്ലെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.