ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ അന്തിമ തീര്‍പ്പായില്ലെന്നും സിബിഐ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ സെക്രട്ടറി പദവിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.സിബിഐ അഭിഭാഷകനെ സഹായിക്കാന്‍ മറ്റാരെയും നിയമിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂട്ടര്‍മാരെ മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിക്കാനും സുപ്രീം കോടതി തീരുമാനിച്ചു.കല്‍ക്കരിപ്പാടം കേസില്‍ പ്രധാനമന്ത്രിയെ പ്രതി ചേര്‍ക്കാത്തതിനെതിരെ സുപ്രീംകോടതിയില്‍ അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ്മ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. കല്‍ക്കരി സെക്രട്ടറിയെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയേയും ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.

കല്‍ക്കരിപ്പാടം അഴിമതി കേസില്‍ പ്രധാനമന്ത്രിക്കെതിരെ മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ് രംഗത്തെത്തിയതിന് പിന്നാലെയാണ് മോഹര്‍ലാല്‍ ശര്‍മ്മ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്കെതിരെ കേസ് എടുത്താല്‍ പ്രധാനമന്ത്രിക്കെതിരെയും കേസ് എടുക്കേണ്ടി വരുമെന്നായിരുന്നു പരേഖിന്റെ ഭീഷണി.പരേഖിനെതിരെ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചതിന് അടുത്ത ദിവസമാണ് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി പരേഖ് രംഗത്തെത്തിയത്. വ്യവസായി കുമാരമംഗളം ബിര്‍ളയുടെ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ അന്ന് വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്‍മോഹന്‍ സിംഗിനുമെതിരെ കേസ് എടുക്കേണ്ടി വരുമെന്നാണ് പരേഖ് പ്രതികരിച്ചത്.കല്‍ക്കരിപ്പാടം അനുവദിച്ചുകൊണ്ടുള്ള ഫയലുകളില്‍ അന്തിമ തീരുമാനം എടുത്തത് മന്‍മോഹന്‍ സിംഗാണെന്നും ഗൂഢാലോചന ഉണ്ടായെങ്കില്‍ മൂന്നാംപ്രതി അദ്ദേഹമാണെന്നും പരേഖ് പറഞ്ഞു.