ഗുവാഹാട്ടി: രഞ്ജി ട്രോഫിയില്‍ ആസമിനെതിരായ മല്‍സരത്തില്‍ കേരളത്തിന്റെ സഞ്ജു വി സാംസണിന് ഇരട്ട സെഞ്ച്വറി.211 റണ്‍സ് നേടിയ സഞ്ജുവിന്റെ മികവില്‍ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.രഞ്ജിയില്‍ സഞ്ജുവിന്റെ കന്നി ഇരട്ടസെഞ്ച്വറിയാണിത്. 337 പന്തില്‍ നിന്ന് 23 ബൗണ്ടറിയും അഞ്ചു സിക്സറും ഉള്‍പ്പെടെയാണ് സഞ്ജു 211 റണ്‍സെടുത്തത്.

സഞ്ജുവിന്റെ ഉജ്ജ്വല പ്രകടനത്തിന്റെ മികവില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം ശക്തമായ നിലയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടിന് 358 റണ്‍സ് എന്ന നിലയിലാണ് കേരളം. ആസം ഒന്നാം ഇന്നിംഗ്സില്‍ 323 റണ്‍സാണ് നേടിയത്. കേരളത്തിന് ഇപ്പോള്‍ 35 റണ്‍സിന്റെ ലീഡുണ്ട്. മൂന്നിന് 120 എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളത്തിന് 19 റണ്‍സെടുത്ത അന്‍താഫ്. 27 റണ്‍സെടുത്ത റോബര്‍ട്ട് ഫെര്‍ണാണ്ടസ്, എട്ടു റണ്‍സെടുത്ത നായകന്‍ സച്ചിന്‍ബേബി, ഒരു റണ്‍സെടുത്ത വിനൂപ് എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ഇന്ന് നഷ്ടമായത്.