പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ കോന്നി സ്വദേശി ശ്രീധരന്‍നായരുടെ രഹസ്യമൊഴി പുറത്ത്. സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി മൊഴിയില്‍ പറയുന്നു. പദ്ധതിയെ മുഖ്യമന്ത്രി പിന്താങ്ങി. സോളാര്‍ നല്ല പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ലഭിച്ച മൊഴിപകര്‍പ്പിലാണ് ഇക്കാര്യം പറയുന്നത്.വൈദ്യുതി ക്ഷാമത്തിന് ഇത്തരം പദ്ധതികള്‍ ആവശ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പദ്ധതിക്ക് സബ്‌സിഡിയും എല്ലാ വിധ സഹായവും ഉണ്ടാകുമെന്ന് പറഞ്ഞു. ദുരിത്വാശ്വാസ നിധിയിലേക്കുള്ള തുക മുഖ്യമന്ത്രി ടെന്നി ജോപ്പനാണ് കൈമാറിയത്. മുഖ്യമന്ത്രിയെ കാണുമ്പോള്‍ ശെല്‍വരാജ് എംഎല്‍എയും ഉണ്ടായിരുന്നു. കൂടിക്കാഴ്ച്ചക്ക് ശേഷം ലിഫ്റ്റില്‍ മുഖ്യമന്ത്രിക്കൊപ്പമാണ് താഴെയെത്തിയതെന്നും മൊഴി പകര്‍പ്പില്‍ പറയുന്നു.

മൊഴിപകര്‍പ്പിന്റെ അഞ്ചാം പേജിലാണ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശം.കഴിഞ്ഞ ജൂലൈ എട്ടിനാണ് ശ്രീധരന്‍ നായര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന് മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്നും ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തി.മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സരിതയ്ക്ക് പണം നല്‍കിയത്. ധൈര്യമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി പറഞ്ഞു. തന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത് സരിതയാണ്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ളത് പോലെയായിരുന്നു പെരുമാറ്റം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതയ്ക്ക് വലിയ സ്വാധീനമുള്ളതായി തോന്നിയെന്നും ശ്രീധരന്‍ നായര്‍ അന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് സമ്മതിച്ച മുഖ്യമന്ത്രി അത് സോളാറുമായി ബന്ധപ്പെട്ടല്ലെന്നുമാണ് പറഞ്ഞിരുന്നത്. ക്വാറി ഉടമകളുടെ സംഘത്തോടൊപ്പമാണ് ശ്രീധരന്‍ നായര്‍ വന്നത്. അത് ക്വാറി അസോസിയേഷന്റെ കാര്യത്തിനായിരുന്നെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.

സോളാര്‍ തട്ടിപ്പില്‍ ഇതുവരെ 21 കേസുകളിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചിരുന്നത്.തങ്ങള്‍ക്കു നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമില്ല എന്ന നിലപാടിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പരാമര്‍ശമുണ്ടെന്ന് കാര്യത്തില്‍ ശ്രീധരന്‍ നായര്‍ ആദ്യം മുതല്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.