ഇൻഡോർ: താമരപ്പേടി വര്‍ധിച്ചതോടെ സംസ്ഥാനത്തെ മുഴുവൻ താമരക്കുളങ്ങളും മൂടണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകി. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര എല്ലായിടത്തും വിടർന്നു നിൽക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭയം.താമര തിരഞ്ഞെടുപ്പ് പ്രചരണമാണെന്ന് ജനം വിശ്വസിക്കും. മധ്യപ്രദേശിൽ ഇപ്പോൾ താമരക്കുളങ്ങൾ സജീവമാണ്. എവിടെ നോക്കിയാലും താമരപ്പൂക്കൾ മാത്രമാണ്. ഇത് കോൺഗ്രസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് മധ്യപ്രദേശിലെ കോൺഗ്രസ് നേതാക്കളുടെ ഭയം. എന്നാൽ ബി.ജെ.പി ഇതിനെ കളിയാക്കുകയാണ് ചെയ്തത്. പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നം തെരുവിൽ കാണുന്നതിൽ കോൺഗ്രസിന് അസ്വസ്ഥയുള്ളത് തരംതാണ രാഷ്ട്രീയ പ്രവർത്തനമാണെന്നാണ് ബി.ജെ.പി പ്രതികരിച്ചത്.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ജനം മടക്കി പൊതിഞ്ഞു സൂക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകുമോയെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ചോദിച്ചത്. ബി.എസ്.പിയുടെ ചിഹ്നമായ ആനയുടെ പ്രതിമകൾ നീക്കം ചെയ്യാൻ മുൻപ് കമ്മിഷൻ ഉത്തരവിട്ടിരുന്നു. അതേ പ്രകാരം താമരക്കുളങ്ങളും മൂടണമെന്നാണ് കോൺഗ്രസ് പറയുന്നത്.