തിരുവനന്തപുരം: കല്ലേറില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ആശുപത്രി വിട്ടു. ഇന്ന് രാവിലെ പത്തിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്.ആക്രമണം പോലീസിന്റെ വീഴ്ചയല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.പോലീസിനല്ല വിഴ്ച പറ്റിയത്. അതിന്റെ ഉത്തരവാദി താനാണ്. താന്‍ പറഞ്ഞിട്ടാണ് പോലീസുകാര്‍ ബലംപ്രയോഗിച്ച് സമരക്കാരെ നീക്കാത്തത്. അതാണ് കല്ലേറിന് കാരണമായത്. ശത്രുക്കളാണെങ്കില്‍പ്പോലും അവരെ ബലംപ്രയോഗിച്ച് നീക്കുന്നത് തന്റെ പ്രവര്‍ത്തന ശൈലിയല്ല. കൂത്തുപറമ്പ് ആവര്‍ത്തിക്കാനുള്ള ബോധപൂര്‍വ്വശ്രമമാണ് കണ്ണൂരില്‍ നടന്നത്. കരിങ്കൊടി കാണിക്കുന്നതിലപ്പുറം പ്രതിഷേധക്കാര്‍ക്ക് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.ആക്രമണത്തിനെതിരായ പ്രതിഷേധം സമാധാനപരമാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നന്ദി. തനിക്ക് സുരക്ഷ കൂട്ടുന്നതിനോട് യോജിപ്പില്ല. തന്റെ സുരക്ഷ ജനങ്ങളുടെ കൈകളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.രാവിലെ മുഖ്യമന്ത്രിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

നെഞ്ചിലെ നീര്‍ക്കെട്ട് കുറഞ്ഞു. അതേസമയം അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് രണ്ട് ദിവസത്തെ വിശ്രമം നിര്‍ദേശിച്ചത്.കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ അക്രമമുണ്ടായതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 18 പേരെ റിമാന്റ് ചെയ്തിട്ടുണ്ട്. കല്ലേറില്‍ പരിക്കേറ്റ മുഖ്യമന്ത്രിയെ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് മുഖ്യമന്ത്രിയെ വിധേയനാക്കി. ജനസമ്പര്‍ക്കം ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ മൂന്ന് ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.പോലീസ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഉപരോധത്തിനിടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്കേറ്റത്. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. കല്ലേറില്‍ കാറിന്റെ വലതു ഭാഗത്തെ ചില്ല് തകര്‍ന്ന് മുഖ്യമന്ത്രിയുടെ മുഖത്തേക്ക് തെറിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നെറ്റിയില്‍ രണ്ടിടത്തായാണ് മുറിവേറ്റത്. നെഞ്ചിലും കല്ലേറുകൊണ്ടു.