പട്‌ന: പട്‌ന സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട്‌ തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ട് പേരെ അറസ്‌റ്റ്‌ ചെയ്‌തു. നിരവധിപേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. അറസ്‌റ്റിലായവരില്‍ ഒരാള്‍ സംഭവത്തിന്റെ സൂത്രധാരനെന്നു കരുതുന്നു. ഇന്നലെ ഒരാള്‍കൂടി മരിച്ചതോടെ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.സ്‌ഫോടനം നടന്ന ഗാന്ധി മൈതാനിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയും പട്‌ന പോലീസും സ്‌ഫോടകവസ്‌തുക്കള്‍ ശേഷിച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധന നടത്തി.

തൗസീം, ഇംതിയാസ്‌ എന്നിവരാണ്‌ അറസ്‌റ്റിലായ തീവ്രവാദികള്‍ എന്നു പോലീസ്‌ സ്‌ഥിരീകരിച്ചു. ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നു കരുതുന്ന അറസ്‌റ്റിലായ ഭീകരന്‍ ആസൂത്രണത്തെക്കുറിച്ചു വെളിപ്പെടുത്തിയെന്ന്‌ പോലീസ്‌ അറിയിച്ചു.ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ റാലി തുടങ്ങുന്ന വേദിക്കടുത്താണു സ്‌ഫോടനമുണ്ടായത്‌. പരുക്കേറ്റ്‌ പട്‌ന മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഒരാള്‍ മരിച്ചതോടെയാണ്‌ മരണസംഖ്യ ആറായത്‌. പരുക്കേറ്റ 83ല്‍ 37 പേരുടെ നില ഗുരുതരമാണ്‌. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്‌. അതേസമയം പറ്റ്ന സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.