വാഷിംഗ്ടണ്‍: ലോക നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അമേരിക്ക സമ്മര്‍ദത്തില്‍. സംഭവം ലോകശ്രദ്ധയാകര്‍ഷിച്ച സാഹചര്യത്തില്‍ എന്‍എസ്എയുടെ ചാരപ്രവര്‍ത്തനത്തെ കുറിച്ച് സമ്പൂര്‍ണ്ണ അവലോകന റിപ്പോര്‍ട്ട് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി ആവശ്യപ്പട്ടു.എന്നാല്‍ എന്‍എസ്എയുടെ ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് വ്യക്തമായ അവലോകന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ഒബാമ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം ഫോണ്‍ ചോര്‍ത്തല്‍ തന്റെ അറിവോടെയാണോ നടന്നതെന്ന് ചോദ്യത്തിനോട് പ്രതികരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വിസമ്മതിച്ചു.ഫോണ്‍ ചോര്‍ത്തല്‍ വിവാദം അമേരിക്കയെ പ്രതിരോധത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് വിസമ്മതിച്ചിരിക്കുന്നത്.

പരസ്പര വിശ്വാസത്തിനും ധാരണയ്ക്കും കോട്ടം തരുത്തുന്ന തരത്തിലുള്ള നടപടിയാണ് അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി പ്രതികരിച്ചിരുന്നു.ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ഉന്നത നേതാക്കള്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കല്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണമാണ് വിവാദമായിരിക്കുന്നത്. മെര്‍ക്കലടക്കം 35 ലോക നേതാക്കളുടെ ഫോണ്‍ അമേരിക്ക ചോര്‍ത്തിയതായി ദ ഗാര്‍ഡിയന്‍ പത്രമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. തന്റെ ഫോണ്‍ ചോര്‍ത്തിയ അമേരിക്കയുടെ നടപടി അപലപനീയമാണെന്നായിരുന്നു മെര്‍ക്കലിന്റെ പ്രതികരണം.ആരോപണങ്ങളെ തുടര്‍ന്ന് യുഎസ് പ്രതിനിധി സഭയും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നു. ഫോണ്‍ചോര്‍ത്തിലിനെതിരെ രൂക്ഷമായാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ പ്രതികരിച്ചത്.