ന്യൂഡല്‍ഹി:പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ശതമാനമാനം വര്‍ധിപ്പിച്ചു. 7.50 ശതമാനം നിലവിലെ റിപ്പോ നിരക്ക്. റിപ്പോ നിരക്ക് ഉയര്‍ന്നതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉയരും.റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന യോഗത്തിലാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം. പണപ്പെരുപ്പം ആശങ്കയുണര്‍ത്തുന്നതായി റിസര്‍വ് ബാങ്ക് പറഞ്ഞു.അതേസമയം പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി റിസര്‍വ്വ് ബാങ്കില്‍ നിന്നും ബാങ്കുകള്‍ക്ക് കടം കൊള്ളാവുന്ന എംഎസ്എഫ് അക്കൗണ്ടിലെ പലിശ നിരക്ക് ആര്‍ബിഐ കുറച്ചു. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല.

രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആയതിനു ശേഷം രണ്ടാമത്തെ വായ്പാ അവലോകന യോഗമാണ് ഇന്ന് നടന്നത്. കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തിയിരുന്നു.ഭക്ഷ്യവില വന്‍തോതില്‍ ഉയര്‍ന്നതോടെ പണപ്പെരുപ്പം സെപ്തംബറില്‍ 6.46 ശതമാനത്തിലെത്തി ഏഴു മാസത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ആഗസ്റ്റില്‍ ആറ് ശതമാനത്തിന് മുകളില്‍ ഏത്തിയിരുന്നു. മൂന്ന് മാസമായി ഇതും ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്.