ഉന്നാവോ​: ആയിരം ടൺ സ്വർണം കുഴിച്ചിട്ടുണ്ടെന്ന സ്വാമിയുടെ സ്വപ്ന ദർശനത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ ആർക്കിയോളജിക്കൽ സർവേ നടത്തിവന്ന ഖനനം അവസാനിപ്പിച്ചു. സ്വർണത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനാവാതെ വന്നതോടെയാണ് ഖനനം അവസാനിപ്പിച്ചത്. ഈ മാസം 18നായിരുന്നു ഖനനം തുടങ്ങിയത്.

ഉന്നാവോ ജില്ലയിലെ ദൗണ്ടിയ ഖേര ഗ്രാമത്തിൽ പുരാതന കോട്ടയിൽ ആയിരം ടൺ സ്വർണം കുഴിച്ചിട്ടുണ്ടെന്ന സ്വാമി ശോഭൻ സർക്കാരിന്റെ സ്വപ്ന ദർശന വെളിപ്പെടുത്തലായിരുന്നു ഖനനത്തിന് ആധാരം. ആർക്കിയോളജിക്കൽ സർവേയിലെ പത്ത് ഉദ്യോഗസ്ഥരും ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ വിദഗ്ദ്ധരും ചേർന്നായിരുന്നു ഖനനം. ആദ്യ ഘട്ട ഖനനം കഴിഞ്ഞപ്പോൾ പൊട്ടിയ കുപ്പിവളകളും തുരുമ്പിച്ച ഇരുമ്പുമാണ് കൊട്ടാരത്തിന്റെ അടിയിൽ നിന്ന് കിട്ടിയതെന്ന് പുരാവസ്തു വകുപ്പ് അധികൃതർ നേരത്തെ പറഞ്ഞിരുന്നു.