തിരുവനന്തപുരം: എഴുപതു വർഷമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന തന്നെ ഇനി ആരും ഒന്നും പഠിപ്പിക്കേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. തനിക്ക് ഇനി ആരിൽനിന്നും ഒന്നും പഠിക്കാനില്ലെന്നും ഹൈക്കോടതിയുടെ വിമർശനത്തിന് മറുപടിയായി വി.എസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് ഉൾപ്പെട്ട കടകംപള്ളിയിലെ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്കെതിരെ പരാമർശം നടത്തിയ പ്രതിപക്ഷ നേതാവ് ഏതു വരെ പഠിച്ചിട്ടുണ്ടെന്ന് കോടതി ചോദിച്ചിരുന്നു.

നിയമം പഠിച്ചിട്ടില്ലെങ്കിൽ താൻ നിയമം പഠിപ്പിക്കാമെന്നും ജസ്റ്റീസ് ഹാരൂൺ അൽ റഷീദ് ആണ് പറഞ്ഞത്.കഴിഞ്ഞ 70 വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവനാണ് താന്‍. ആ ജനങ്ങളില്‍ നിന്നുള്ള പഠനമാണ് തന്റെ വിദ്യാഭ്യാസം. എന്തെങ്കിലും കൂടുതലായി പഠിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.”കോടതി എന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞു. വര്‍ഷങ്ങളായി നാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന എന്നെ ഞാനാക്കിയത് അവരുടെ സ്‌നേഹസമ്പന്നമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമാണ്. മറ്റാരുടെയും ഇതുസംബന്ധിച്ച ഉപദേശങ്ങള്‍ കാര്യമാക്കുന്നില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായനിലയില്‍ ധരിച്ചുകൊണ്ടാണ് കോടതി പരാമര്‍ശം നടത്തിയത്”. -വി.എസ്. പറഞ്ഞു.