തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ശ്രീധരൻ നായരുടെ അഞ്ചു മൊഴികളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രഹസ്യ മൊഴി നൽകിയതിന് മുന്പും അതിനു ശേഷവും മൊഴികളുണ്ട്. ഓരോരുത്തരും അവർക്ക് വേണ്ട കാര്യങ്ങളാണ് പത്രങ്ങളിൽ കൊടുത്തത്. ഇത് എന്തിനു വേണ്ടിയാണെന്ന് ഒരവസരത്തിൽ താൻ വെളിപ്പെടുത്തുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂരിൽ ഇടതുപക്ഷ സമരക്കാർക്കെതിരെ പൊലീസിന്റെ നടപടി ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. അതുപ്രകാരമാണ് പൊലീസ് പ്രവർത്തിച്ചത്. ബലം പ്രയോഗിച്ച് പൊലീസിന് വേണമെങ്കിൽ തനിക്കു വേണ്ടി വഴി ഒരുക്കാമായിരുന്നു. എന്നാൽ താൻ തന്നെയാണ് അതു വേണ്ടെന്ന് നിർദ്ദേശിച്ചത്. താൻ പൊതുപ്രവർത്തന രംഗത്ത് വന്നിട്ട് 50 കൊല്ലമായി. പലതവണ കണ്ണൂരിൽ പോയിട്ടുമുണ്ട്. അവിടെ സി.പി.എമ്മുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരുടെ ദു:ഖത്തിൽ പങ്കുചേർന്നിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർക്കു നേരെയുണ്ടായ ആക്രമണം വച്ചു നോക്കുന്പോൾ തനിക്കു നേരെയുണ്ടായ ആക്രമണം ഒന്നുമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിരുദ്ധമായിട്ടാണ്‌ സിപിഎം നീങ്ങുന്നതെങ്കില്‍ അതിനുള്ള മറുപടി പോലീസിന്‌ പകരം ജനങ്ങള്‍ തന്നെ നല്‍കും. പിണറായിക്കും കോടിയേരിക്കും ആശുപത്രിയില്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത്‌ സദുദ്ദേശത്തോട്‌ കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ സർവീസിലുള്ളവരുടെ പെൻഷൻ പ്രായം കൂട്ടുന്ന കാര്യം സർക്കാരിന്റെ അജണ്ടയിൽ ഇല്ല. ഇപ്പോൾ അത് സർക്കാരിന്റെ ചർച്ചാ വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.