ന്യൂയോർക്ക്: കുറ്റവാളികളുടെ വാഹനങ്ങൾ പിന്തു‌‌ടർന്ന് പിടികൂടുന്നതിന് സഹായിക്കുന്ന ജി.പി.എസ് വെടിയുണ്ടകൾ അമേരിക്കയിൽ പൊലീസ് ഉപയോഗിച്ചു തുടങ്ങി.വാഹനം എവിടെ പോയാലും വെടിയുണ്ട നഷ്ടപ്പെടാത്തിടത്തോളം കാലം പൊലീസിന് ഇതിനെ പിന്തുടരാൻ കഴിയും. സ്റ്റാർചെയ്സ് എന്ന പേരിലുള്ള ഈ വെടിയുണ്ട വാഹനങ്ങളിലും മറ്റും പറ്റിപ്പിടിച്ചിരുന്നശേഷം ഉപഗ്രഹ സംവിധാനത്തിലൂടെ പൊലീസിനെ സഹായിക്കും.

അയോവ,​ ഫ്ലോറിഡ,​ ആരിസോണ,​ കൊളറാഡോ എന്നിവിടങ്ങളിൽ സ്റ്റാർചെയ്സ് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ നിരക്കിൽ മുപ്പതിനായിരത്തോളം രൂപയാണ് ഒരു ബുള്ളറ്റിന്രെ വില. ഇതിനാവശ്യമായ ഇലക്‌ട്രോണിക് സംവിധാനം സജ്ജീകരിക്കുന്നതിന് മൂന്നു ലക്ഷത്തോളം രൂപ വേണം. പക്ഷേ പ്രചാരം നേടിയാൽ രണ്ടും വില കുറച്ച് നൽകാനാവും. കള്ളക്കടത്തുൾപ്പെടെയുള്ള കുറ്റങ്ങൾ തടയാൻ ഇത് ഫലപ്രദമാണെന്ന് പൊലീസ് പറഞ്ഞു. പൗരാവകാശ ലംഘനത്തിന് ഈ സംവിധാനം ഉപയോഗിക്കുമെന്ന ആശങ്കയുമായി ഇപ്പോൾതന്നെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.