മുംബൈ: ഓഹരി വിപണി റെക്കോഡ് ഉയരത്തിന് തൊട്ടരികെയെത്തി. സെന്‍സെക്‌സ് ബുധനാഴ്ച രാവിലെ 100ലേറെ പോയന്റ് ഉയര്‍ന്ന് 21037.59ലെത്തി. നിഫ്റ്റി 6,253.65 വരെ ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയാണ് ഇത്. ആഗോളവിപണികളിലെ അനുകൂല സൂചനകളുടെ ചുവട് പിടിച്ചാണ് വിപണി നേട്ടമുണ്ടാക്കുന്നത്.

മൂന്നു വര്‍ഷത്തിനു ശേഷം കഴിഞ്ഞയാഴ്ചയാണ് വ്യാപാരത്തിനിടെ സെന്‍സെക്‌സ് ആദ്യമായി 21,000 ഭേദിച്ചത്. പിന്നീട് താഴേക്കുപോയ വിപണി ചൊവ്വാഴ്ച ആര്‍ബിഐയുടെ നയപ്രഖ്യാപനം വന്നതോടെയാണ് വീണ്ടും കുതിച്ചുയര്‍ന്നത്. 100ലേറെ പോയന്റിന്റെ നേട്ടവുമായി ഇന്ന് ക്ലോസ് ചെയ്യാനായാല്‍ റെക്കോഡ് കുറിക്കാനാകും.

റിയല്‍ എസ്‌റ്റേറ്റ്, ഫാര്‍മ, എഫ്എംസിജി മേഖലകള്‍ നേട്ടത്തിലും ലോഹം, വാഹനം എന്നീ മേഖലകള്‍ നഷ്ടത്തിലുമാണ്.സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ഭാരതി എയര്‍ടെല്‍ , ഡോ.റെഡ്ഡീസ്, ഭെല്‍ , ഐസിഐസിഐ ബാങ്ക് എന്നിവയുടെ വില ഉയര്‍ന്നു. അതേസമയം, എസ്എസ്എല്‍ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍ എന്നിവയുടെ ഓഹരിവില താഴ്ന്നു.