പത്തനംതിട്ട: സോളാര്‍ കേസില്‍ ശ്രീധരന്‍നായരുടെ രഹസ്യമൊഴി അവഗണിച്ച് കുറ്റപത്രം. സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ ഓഫീസില്‍ കണ്ടെന്ന മൊഴി കുറ്റപത്രത്തില്‍ ഇല്ല.പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തത്താതെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ ഒരിടത്തും മുഖ്യമന്ത്രിക്കെതിരായ ശ്രീധരന്‍ നായരുടെ മൊഴി ഇല്ല. പകരം ജോപ്പനെ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കണ്ടു എന്നാണ് കുറ്റപത്രത്തിലുള്ളത്.സോളാര്‍ തട്ടിപ്പില്‍ ശ്രീധരന്‍ നായര്‍ വാദിയായ കേസില്‍ അന്വേഷണസംഘം പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രമാണ് ഇന്ന് പുറത്തുവന്നത്.കേസില്‍ സരിത, ബിജു രാധാകൃഷ്ണന്‍, ജോപ്പന്‍ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഇവര്‍ക്കെതിരെ വഞ്ചന, ആള്‍മാറാട്ടം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ കോന്നി സ്വദേശി ശ്രീധരന്‍നായര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായും സോളാര്‍ പദ്ധതിയെ മുഖ്യമന്ത്രി പിന്താങ്ങിയതായും പറയുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ലഭിച്ച മൊഴിപകര്‍പ്പിലാണ് ഇക്കാര്യം പറയുന്നത്.വൈദ്യുതി ക്ഷാമത്തിന് ഇത്തരം പദ്ധതികള്‍ ആവശ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പദ്ധതിക്ക് സബ്‌സിഡിയും എല്ലാ വിധ സഹായവും ഉണ്ടാകുമെന്ന് പറഞ്ഞു. ദുരിത്വാശ്വാസ നിധിയിലേക്കുള്ള തുക മുഖ്യമന്ത്രി ടെന്നി ജോപ്പനാണ് കൈമാറിയത്. മുഖ്യമന്ത്രിയെ കാണുമ്പോള്‍ ശെല്‍വരാജ് എംഎല്‍എയും ഉണ്ടായിരുന്നു. കൂടിക്കാഴ്ച്ചക്ക് ശേഷം ലിഫ്റ്റില്‍ മുഖ്യമന്ത്രിക്കൊപ്പമാണ് താഴെയെത്തിയതെന്നും മൊഴി പകര്‍പ്പില്‍ പറയുന്നുണ്ട്. തങ്ങള്‍ക്കു നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമില്ല എന്ന നിലപാടിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പരാമര്‍ശമുണ്ടെന്ന് കാര്യത്തില്‍ ശ്രീധരന്‍ നായര്‍ ആദ്യം മുതല്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.