ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ പാക് സൈന്യത്തിനെതിരെ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി എ കെ ആന്‍റണി രംഗത്ത്. പാക് സൈന്യത്തിന്‍റെ സഹായമില്ലാതെ നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാകില്ല. ഏതു സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും ആന്‍റണി പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രതിരോധമന്ത്രി എ കെ ആന്‍റണിയുടെ പ്രതികരണം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 130ലധികം തവണയാണ് വെടിനിര്‍‍ത്തല്‍ കരാര്‍ ലംഘനം റിപ്പോര്‍്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാഴ്ചയ്ക്കുള്ളില്‍ 2 ഇന്ത്യന്‍ സൈനികര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് പുറമേ നുഴഞ്ഞകയറ്റശ്രമങ്ങള്‍ നടക്കുന്നതായും ബിഎസ്എഫ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പാക് സൈന്യത്തിന്‍റെ സഹായമില്ലാതെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനാകില്ലെന്ന് എ കെ ആന്‍റണി പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കും. ഇതു പരാജയപ്പെട്ടാല്‍ പ്രതിരോധമന്ത്രാലയം ഇടപെടുമെന്നും ആന്‍റണി കൂട്ടിച്ചേര്‍‍ത്തു. ഹെലികോപ്റ്റര്‍ ഇടപാടില്‍ അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനി കരാ‍ര്‍ ലംഘിച്ചുവെന്നും എ കെ ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.