ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ നന്ദകുമാറാണ് ഹര്‍ജി നല്‍കിയത്.സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.കേസില്‍ കക്ഷി ചേര്‍ക്കണമെന്ന നന്ദകുമാറിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

നേരത്തെ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കുര്യന് അനുകൂലമായ സമീപനമാണ് കോടതി സ്വീകരിച്ചത്. കേസില്‍ കുര്യന്‍ വേട്ടയാടപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നുമാണ് ജസ്റ്റിസ് ഭവദാസന്റെ ബെഞ്ച് നിരീക്ഷിച്ചത്.നേരത്തെ സൂര്യനെല്ലി കേസ് വീണ്ടും പരിഗണിക്കണമെന്ന് സുപ്രിംകോടതിയാണ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയത്.