കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തു.വസ്തുതട്ടിപ്പില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന വ്യാജരേഖ ഉണ്ടാക്കല്‍,കള്ളക്കളി, രേഖ തിരുത്തല്‍ തുടങ്ങിയവയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വസ്തുതകളെക്കുറിച്ചുമാണ് ചോദിച്ചത്. രാവിലെ ഒന്‍പതിനാണ് വിജിലന്‍സ് സംഘം ഇയാളെ ഓഫീസില്‍ വിളിച്ചുവരുത്തിയത്.

തൃക്കാക്കരയിലെ ഒരു ഏക്കര്‍ 16 സെന്റ് ഭൂമി തട്ടിയെടുത്തെന്ന പരാതിയും കടകംപിള്ളിയിലെ 12.27 ഏക്കര്‍ വസ്തുവിനെക്കുറിച്ചുള്ള പരാതിയും ആണ് അന്വേഷിക്കുന്നത്. കഴിഞ്ഞദിവസം അന്വേഷണം സിബിഐയ്ക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാറിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ. പി. ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കണം.

കടകംപള്ളിയിലെ ഭൂമിതട്ടിപ്പിന് എതിരായ സമരം സിപിഐ(എം) ഏറ്റെടുത്തിരുന്നു.160ഓളം കുടുംബങ്ങള്‍ക്കാണ് പതിറ്റാണ്ടുകളായി കൈവശം വെച്ച ഭൂമിയില്‍ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്നത്. വി എസ് അച്യുതാനന്ദന്റെ സന്ദര്‍ശനത്തിനു പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ തട്ടിപ്പിന് ഇരയായവരുടെ കൂട്ടായ്മ നടന്നു. സലിംരാജിന്റെ ഭൂമിതട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടിയേരി ആരോപിച്ചു. തട്ടിപ്പ് നടന്നത് മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണ്. സലിംരാജിന്റെ ധൈര്യം മുഖ്യമന്ത്രിയാണെന്നും കോടിയേരി ആരോപിച്ചിരുന്നു.സലിം രാജിനെതിരായ കേസ് അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിയും അതൃപ്തി പ്രകടപ്പിച്ചിട്ടുണ്ട്.