ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ പി കൃഷ്ണപിള്ള സ്മാരകം അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. പി കൃഷ്ണപിള്ള അന്ത്യകാലത്ത് താമസിച്ചിരുന്ന വീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്ര സ്മാരകമായി സൂക്ഷിച്ചു വരികയായിരുന്നു. കൃഷ്ണപിള്ളയുടെ പ്രതിമയും തല്ലിത്തകര്‍ത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ആലപ്പുഴയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം.ഓലമേഞ്ഞ സ്മാരകഗൃഹത്തിന്റെ പിന്‍ഭാഗത്തെ മേല്‍ക്കൂരയ്ക്കാണ് തീവെച്ചത്. പുലര്‍ച്ചെ സെക്യൂരിറ്റി ഗാര്‍ഡാണ് പോലീസിനെ വിവരം അറിയിച്ചത്. അക്രമികളെ താന്‍ കണ്ടില്ലെന്ന് ഗാര്‍ഡ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തിദുര്‍ഗമായ ഈ പ്രദേശത്ത് ഇത്തരമൊരു സംഭവമുണ്ടായത് പ്രവര്‍ത്തകരെ ഞെട്ടിച്ചു.

ഒളിവില്‍ കഴിഞ്ഞ കാലത്തും പാമ്പ് കടിയേറ്റ് മരിക്കുന്നതിന് മുമ്പും കൃഷ്ണപിള്ള താമസിച്ചിരുന്നത് ഈ വീട്ടിലാണ്.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഐജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ എസ്പിമാരും അന്വേഷണസംഘത്തിലുണ്ട്.സംഭവം ആസൂത്രിതമാണെന്ന് സിപിഐ(എം) അറിയിച്ചു. അടുത്ത കാലത്തായി നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളുടെ തുടര്‍ച്ചയായാണ് ഇതിനെ സിപിഐ(എം) കാണുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് 4 മണിക്ക് സിപിഐ(എം) പ്രതിഷേധ പരിപാടികള്‍ നടത്തും. സംസ്ഥാനനേതാക്കള്‍ അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സിപിഐഎം അറിയിച്ചു.അതേസമയം സിപിഐഎമ്മിലെ സംഘടനാപ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.