വാഷിംഗ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി വത്തിക്കാനില്‍ നിന്നുള്ള രഹസ്യങ്ങളും ചോര്‍ത്തിയതായി ഇറ്റാലിയന്‍ പ്രസിദ്ധീകരണമായ പനോരമ. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന മാര്‍പ്പാപ്പ തെരഞ്ഞെടുപ്പിന്റെ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്നാണ് പ്രസിദ്ധീകരണം ആരോപിക്കുന്നത്.
വത്തിക്കാനില്‍ നിന്ന് പുറത്തേക്കുമുള്ള ടെലിഫോണ്‍ സന്ദേശങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയതായാണ് വെളിപ്പെടുത്തല്‍. മാര്‍പ്പാപ്പയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച രഹസ്യങ്ങള്‍പോലും അമേരിക്ക ചോര്‍ത്തിയെന്ന ഗുരുതരമായ ആരോപണമാണ് പ്രസിദ്ധീകരണം ഉയര്‍ത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ കര്‍ദിനാളായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഫോണും അമേരിക്ക ചോര്‍ത്തിയിരുന്നത്രേ.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ ഇറ്റലിയില്‍ നിന്നുള്ള നാല്‍പ്പത്തിയാറ് ദശലക്ഷം ഫോണ്‍കോളുകള്‍ അമേരിക്ക ചോര്‍ത്തിയിട്ടുണ്ടെന്നും ഇറ്റാലിയന്‍ പ്രസിദ്ധീകരണം ആരോപിക്കുന്നു.വത്തിക്കാനില്‍ നിന്ന് ചോര്‍ത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നേതൃത്വം സംബന്ധിച്ചത്, സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചത്, വിദേശനയം സംബന്ധിച്ചത്, മനുഷ്യാവകാശം സംബന്ധിച്ചത് എന്നിങ്ങനെ നാലായി തരം തിരിച്ച് സൂക്ഷിച്ചിരിക്കുന്നുവെന്നും പ്രസിദ്ധീകരണം പറയുന്നു.പോപ് ഫ്രാന്‍സിസ് 2005 മുതല്‍ അമേരിക്കയുടെ നിരീക്ഷണത്തിലുള്ളയാളായിരുന്നുവെന്ന് വിക്കി ലീക്‌സും മുന്പ് വെളിപ്പെടുത്തിയിരുന്നു.

ജര്‍മ്മന്‍ ചാന്‍സലര്‍ ഏന്‍ജല മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയത് സംബന്ധിച്ച അന്വേഷണത്തിനായി ജര്‍മ്മന്‍ വിദേശകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അമേരിക്കയിലെത്തിയിട്ടുണ്ട്. തങ്ങളുടെ പൗരന്‍മാരുടെ ടെലഫോണ്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണത്തെക്കുറിച്ച് സ്‌പെയിന്‍ കഴിഞ്ഞദിവസം അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 33 യുഎന്‍ അംഗരാജ്യങ്ങളുടെ രാഷ്ട്രത്തലവന്‍മാരുടെയും പൗരന്‍മാരുടെയും സ്വകാര്യഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന ഗുരുതരമായ ആരോപണമാണ് അമേരിക്ക നേരിടുന്നത്‌.