മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വീണ്ടും കലാപം. നാലുപേര്‍ കൊല്ലപ്പെട്ടു. ഒരാളുടെ നില അതീവഗുരുതരമാണ്. ജാട്ടുകളും മുസ്ലിങ്ങളും തമ്മിലാണ് സംഘര്‍ഷം. മുസഫര്‍നഗര്‍ ജില്ലയിലെ ബുഢാനയിലാണ് രണ്ടു സംഭവങ്ങളിലായി നാലുപേര്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് സംഘര്‍ഷം തുടങ്ങിയത്.മുഹമദ്പുരില്‍ വയലില്‍ പണി കഴിഞ്ഞു മടങ്ങുകയായിരുന്ന അഫ്രോസ് (20) മെഹര്‍ബാന്‍ (21) അജ്മല്‍ (22) എന്നിവരെ വെടിവച്ചും തല്ലിയും കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനുശേഷം ബുഠാന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഫുഗാനയില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിനുനേരെ വെടിവയ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മുസഫര്‍നഗറില്‍ സെപ്തംബര്‍ ആദ്യവാരത്തിലുണ്ടായ വര്‍ഗീയകലാപത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. അരലക്ഷം പേര്‍ ഭവനരഹിതരായി. വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ പടിഞ്ഞാറന്‍ യുപിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. കലാപത്തില്‍ വീടു നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. കുറ്റവാളികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു.