ഹവാന: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ക്യൂബയിലെത്തിയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ക്യൂബന്‍ മുന്‍പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയെ കണ്ടു. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്നു.ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പെറുവില്‍ ആയിരുന്ന ഉപരാഷ്ട്രപതി ചൊവ്വാഴ്ചയാണ് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെത്തിയത്. പിന്നീട് ക്യൂബയിലെ ഇന്ത്യന്‍ ഫെസ്റ്റിവെലും അദ്ദേഹം ഉദ്ഘാടനം ചെയ്തു.ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ആദ്യമായാണ് ഒരു ഇന്ത്യന്‍ വി.വി.ഐ.പി. ക്യൂബയിലെത്തുന്നത്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയെയും ഹമീദ് അന്‍സാരി കണ്ടു. ജൂലായില്‍ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കണ്ട ശേഷം മറ്റൊരു വിദേശനേതാവുമായി കാസ്‌ട്രോ കൂടിക്കാഴ്ച നടത്തുന്നത് ഇപ്പോഴാണ്.