തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന മോട്ടോർവാഹന വകുപ്പിന്റെ നിർദ്ദേശത്തിന് തൽക്കാലം നടപ്പാക്കില്ല. തിരക്കിട്ട് നടപ്പാക്കാനുള്ള നിർദ്ദേശമല്ല ഇതെന്നാണ് സർക്കാരിന്റെ അഭിപ്രായം. പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് വേണമെന്ന നിര്‍ദേശം മോട്ടോർവാഹന വകുപ്പ് കഴിഞ്ഞദിവസമാണ് ഗതാഗതമന്ത്രിക്ക് സമർപ്പിച്ചത്.

ഇരുചക്രവാഹനം ഓടിക്കുന്നവരെ പൂർണമായും ഹെൽമെറ്റ് ധരിപ്പിച്ചശേഷം പിന്നിലേക്ക് കടന്നാൽ മതിയെന്നാണ് സർക്കാർ നിലപാട്. പെട്ടെന്ന് ഇത് ഏർപ്പെടുത്തിയാൽ വിവാദവും പ്രതിഷേധവും ശക്തമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തൽക്കാലം പ്രതിഷേധം ക്ഷണിച്ചുവരുത്താൻ സർക്കാരിനും താൽപ്പര്യമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ആലോചിക്കാമെന്ന നിലപാടിലാണ് സർക്കാർ.

പിന്നിലിരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കേണ്ടതില്ലെന്ന് മോട്ടോർ വാഹന നിയമത്തിൽ വർഷങ്ങൾക്കുമുന്പ് സംസ്ഥാന സർക്കാർ ഭേദഗതി വരുത്തിയിരുന്നു. അത് മാറ്റി കേന്ദ്രനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മോട്ടോർവാഹന വകുപ്പ് സർക്കാരിനെ സമീപിച്ചത്. ട്രാൻസ്പോർട്ട് കമ്മിഷണർ ഋഷിരാജ് സിംഗ് കഴിഞ്ഞദിവസം ഒരു ചടങ്ങിൽ പങ്കെടുക്കവെ, പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് വേണമെന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു.