തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. പതിവുപോലെ ആള്‍ക്കുട്ടത്തിലും അവരുടെ പ്രശ്‌നങ്ങളിലും നിറയുന്നതാണ് മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആഘോഷം.അഞ്ചുപതിറ്റാണ്ട് നീണ്ട പൊതുജീവിതത്തില്‍ ഒരിക്കല്‍ പോലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെ സഞ്ചരിച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുപതാം പിറന്നാളിലേക്കെത്തുന്നത്. കീറലും തുന്നലും ഏറെ ഉണ്ടായിട്ടുളള ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ശുഭ്രവസ്ത്രത്തില്‍ പക്ഷേ,ചോരപ്പൊട്ട്‌ വീഴുന്നത് ഇതാദ്യം.

ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അവരുടെ പ്രശ്‌നങ്ങളിലേക്ക് അനുതാപത്തോടെ ആഴ്ന്നിറങ്ങുകയും ചെയ്യുന്നതിലൂടെയും കൈവന്ന സിദ്ധിയാണ് ഉമ്മന്‍ചാണ്ടിയെ രണ്ടാം തവണയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്.സപ്തതിയുടെ നിറവിലെത്തുമ്പോഴും ഈ ശീലങ്ങള്‍ക്കൊന്നും മാറ്റമില്ല. നാട്ടിലും വീട്ടിലും ഓഫീസിലും ഒക്കെ വന്നു നിറയുന്ന ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ്, പ്രശ്‌നങ്ങളിലിടപെട്ട് പകലന്തിയോളം നില്‍ക്കും.ഒക്ടോബര്‍ 31നാണ് ഉമ്മന്‍ചാണ്ടിയുടെ ജനനം. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെപ്പോലെ, അനിഴമാണ് ഉമ്മന്‍ചാണ്ടിയുടെയും നക്ഷത്രം.ജാതകവശാലുളള കഷ്ടകാലം കഴിഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാരായ ജ്യോതിഷ വിശ്വാസികളുടെ അഭിപ്രായം. പ്രാര്‍ത്ഥനയും ധ്യാനവുമൊക്കെയായി ഭാര്യ മറിയാമ്മയും കൂട്ടുണ്ട്. പിറന്നാളിലും ആ പ്രര്‍ത്ഥനകളെയുളളു ആഘോഷമായി.കല്ലേറില്‍ പരുക്കേറ്റതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നതിനാല്‍ ഈ പിറന്നാള്‍ ദിനത്തില്‍ ഗൃഹനാഥന്‍ വീട്ടിലുണ്ടാകുമെന്നതാണ് കുടുംബാംഗങ്ങളുടെ സന്തോഷം.