ന്യൂയോർക്ക്: ലോകത്തിലെ മൂന്നാമത്തെ ശക്തയായ വനിതയായി യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഫോബ്സ് മാസിക തിരഞ്ഞെടുത്തു.റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനും അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഷീ ജിൻപിംഗുമാണ് യഥാക്രമം ഒന്ന്,​ രണ്ട്,​ മൂന്ന് സ്ഥാനങ്ങളിലുള്ളത്.ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഇരുപത്തൊന്നാം സ്ഥാനവും സോണിയയ്ക്കുണ്ട്.

സോണിയയ്ക്ക് മുന്നിലുള്ള വനിതകൾ അ‍‍ഞ്ചാംസ്ഥാനത്ത് ജർമൻ ചാൻസലർ ഏ‍ഞ്ജലാ മെർക്കലും ഇരുപതാം സ്ഥാനത്ത് ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസോഫുമാണ്. ശക്തരായ 72 പേരെ ഫോബ്സ് തിര‍ഞ്ഞെടുത്തതിൽ ഒൻപതു പേർ വനിതകളാണ്. സോണിയയെക്കൂടാതെ മൂന്നു ഇന്ത്യക്കാർ കൂടി ശക്തരുടെ പട്ടികയിലുണ്ട്. പ്രധാനമന്ത്രി മൻമോഹൻസിംഗ് ഇരുപത്തെട്ടാമതും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മുപ്പത്തെട്ടാമതും ആർസലർ മിറ്റൽ സിഇഒ ലക്ഷ്മി മിറ്റൽ അൻപത്തൊന്നാമതും. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഇരുപത്തിനാലാം സ്ഥാനത്തുള്ള ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ്(29)​ ആണ്.