ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് കേന്ദ്ര- സംസ്ഥാന തലത്തില്‍ സിവില്‍ സര്‍വീസസ് ബോര്‍ഡ് വേണമെന്ന് സുപ്രീംകോടതി.കേന്ദ്രത്തില്‍ ക്യാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറിയുടേയും കീഴിലായിരിക്കണം ബോര്‍ഡിന്റെ പ്രവര്‍ത്തനം. ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്വതന്ത്രമാക്കാന്‍ നിയമ രൂപീകരണം നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വാക്കാലുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ടെന്നും കോടതി വ്യക്തമാക്കി.സിവില്‍ സര്‍വീസ് നിയമനം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടിആര്‍എസ് സുബ്രഹ്മണ്യം ഉള്‍പ്പെടെ 82 വിരമിച്ച ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സ്ഥലംമാറ്റം, നിയമനം, സ്ഥാനക്കയറ്റം, അച്ചടക്കനടപടി എന്നിവയ്ക്ക് കൃത്യമായ വ്യവസ്ഥയില്ലെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. രാഷ്ട്രീയ നേതാക്കളുടെ താല്‍പര്യാര്‍ത്ഥം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് തടയാന്‍ ഓരോ പദവിയിലും മൂന്ന് വര്‍ഷത്തെ കാലാവധി നിശ്ചയിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു

രാജ്യത്തെ ഭരണരംഗത്ത് സമഗ്രമാറ്റത്തിന് വഴിവെക്കുന്ന വിധിയാണ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഇന്ന് പുറപ്പെടുവിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും തീരുമാനിക്കുക ഇനി സിവില്‍സര്‍വീസസ് ബോര്‍ഡായിരിക്കും. കേന്ദ്രത്തില്‍ ക്യാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയുടെയും കീഴില്‍ ഉന്നത ഉദ്യോഗസ്ഥരരാണ് ബോര്‍ഡിലുണ്ടാകുക. വിവരാവകാശ നിയമമടക്കമുള്ള സ്ഥിതിയില്‍ അധികാരികളുടെ വാക്കാലുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതില്ലെന്നും രേഖാമൂലമുള്ള ആവശ്യങ്ങള്‍ മാത്രം നടപ്പാക്കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.