aashiq-abu-rima-kallinkgal-marriage

കൊച്ചി: ആഷിക് അബു – റിമ കല്ലിങ്കല്‍ താര ജോഡികള്‍ വിവാഹിതരായി. ഇന്ന് ഉച്ചയ്ക്ക് 12.30 ന് ശേഷം എറണാകുളം കാക്കനാട്, തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസി വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

ആര്‍ഭാടങ്ങള്‍ എല്ലാം ഒഴിവാക്കി ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹ രജിസ്റ്ററില്‍ ഒപ്പിട്ട ഇരുവരും, പിന്നീട് നിയാനുസൃത ഭാര്യയും ഭര്‍ത്താവുമായി പരസ്പരം സ്വീകരിക്കുന്നതായി മൂന്നു തവണ ഏറ്റു പറഞ്ഞു. അതിന് ശേഷം ചുവന്ന റോസാ പുഷ്പങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച മാല പരസ്പരം ചാര്‍ത്തിയതോടെ വിവാഹ ചടങ്ങുകള്‍ അവസാനിച്ചു.

വിവാഹ ശേഷവും താന്‍ അഭിനയം തുടരുമെന്ന് വിവാഹ ശേഷം റിമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിവാഹ ശേഷം ഇരുവരും ആഷികിന്റെ വീട്ടിലേക്ക് പോയി.

മണിയന്‍പിള്ള രാജു, ആന്റോ, കുഞ്ചന്‍, രവീന്ദ്രന്‍ തുടങ്ങിയ സിനിമ താരങ്ങളും വിവാഹത്തില്‍ സംബന്ധിച്ചു. ആഷിക് – റീമ വിവാഹം നടക്കുന്നത് അറിഞ്ഞ് വന്‍ മാധ്യമപടയും ജനക്കൂട്ടവും രജിസ്റ്റര്‍ ഓഫീസിന് മുന്നില്‍ തടിച്ച് കൂടി നിന്നിരുന്നു.

വിവാഹ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കൊണ്ട് ആ പണം അര്‍ബുദ രോഗികളുടെ ചികിത്സയ്ക്കായ് ഇരുവരും കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.