patna-bjp-rally-blast-suspect-dies

പട്‌ന: ബിഹാര്‍ തലസ്ഥാനമായ പട്‌നയിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത അയ്‌നുല്‍ എന്ന താരിഖ് മരിച്ചു. പട്‌ന റെയില്‍വെ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായ പരിക്കേറ്റ അയ്‌നുല്‍ ഇന്ദിരാഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.

സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ഇംതിയാസ് അന്‍സാരിയും അയ്‌നുലും ചേര്‍ന്ന് റെയില്‍വെ സ്റ്റേഷനിലെ ശൗചാലയത്തില്‍ ബോംബ് വയ്ക്കുന്നതിനിടെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ അയ്‌നുലിന് ഗുരുതര പരിക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഇംതിയാസ് അന്‍സാരി പിടിയിലായി. ഇരുവരും തീവ്രവാദി സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ റാഞ്ചി ഘടകത്തിലെ അംഗങ്ങളാണെന്നാണ് പോലീസിന് ലഭിച്ച വിവരം.