virat-rohit-odi-rankings

ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാമതെത്തി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ രണ്ടു സെഞ്ച്വറി നേടുകയും കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് തികയ്ക്കുകയും ചെയ്താണ് കോലിയുടെ ഈ കുതിപ്പ്. ഇതാദ്യമാണ് കോലി ഒന്നാം റാങ്കിലെത്തുന്നത്. ബൗളിങ്ങില്‍ പാകിസ്താന്റെ ഓഫ്‌സ്പിന്നര്‍ സയീദ് അജ്മലാണ് ഒന്നാമന്‍. ഓസ്‌ട്രേലിയയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി മൂന്നാം സ്ഥാനത്തേക്കു കുതിച്ചുകയറിയതാണ് ഇത്തവണത്തെ റാങ്കിങ്ങിലെ മറ്റൊരു മാറ്റം.

ഡബിള്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവച്ച രോഹിത് ശര്‍മ 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി. ധവാന്‍ 12-ാം സ്ഥാനത്തുനിന്നും 11-ലെത്തി. ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോനി (6), സുരേഷ് റെയ്‌ന(19) എന്നിവരാണ് ആദ്യ 20-ല്‍ സ്ഥാനം പിടിച്ച മറ്റ് ഇന്ത്യക്കാര്‍.

ബൗളിങ്ങില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തുനിന്നും പിന്നോട്ടിറങ്ങി മൂന്നാമതായി. വെസ്റ്റിന്‍ഡീസ് ഓഫ്‌സ്പിന്നര്‍ സുനില്‍ നരെയ്ന്‍ രണ്ടാം സ്ഥാനത്തേക്കു കയറി. ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ഫിന്‍, ശ്രീലങ്കയുടെ രംഗന ഹെറാത്ത് എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തുണ്ട്.