sachin-takes-wicket-westindies-test

കൊല്‍ക്കത്ത : വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. അവസാനത്തേതിനു തൊട്ടു മുന്‍പത്തെ മത്സരം കളിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ 234 റണ്‍സിനു വിന്‍ഡീസ് പുറത്തായി.

ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ, മത്സരത്തില്‍ ഇന്ത്യ പ്രതീക്ഷിച്ച രീതിയില്‍ തന്നെ വിന്‍ഡീസിന്റെ ഒന്നാമിങ്‌സ് ബാറ്റിങ് പൂര്‍ത്തിയാക്കാനായി. മത്സരത്തില്‍ ഇന്ത്യയ്ക്ക് പിടിമുറുക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. 78 ഓവറില്‍ 234 റണ്‍സ് എടുത്തപ്പോഴേയ്ക്കും വെസ്റ്റ് ഇന്‍ഡീസ് ഓള്‍ ഔട്ട് ആകുകയായിരുന്നു.

കൃത്യമായ ഇടവേളകളില്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ അടുത്ത കാലത്തൊന്നും ദൃശ്യമാക്കാത്ത അച്ചടക്കത്തിലൂടെയാണ് കൈയടി നേടിയത്. പേസര്‍ മുഹമ്മദ് ഷമി 4 വിക്കറ്റുകളുമായി അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിങ്‌സു തന്നെ അവിസ്മരണീയമാക്കി. എല്ലാം കൊണ്ടും സച്ചിന്റെ പേരിലറിയപ്പെടുന്ന ഈഡന്‍ ഗാര്‍ഡനിലെ മത്സത്തില്‍ ഇന്ത്യയുടെ ബൗളിങ് ഇന്നിങ്‌സിലും സച്ചിന്‍ തന്റെ പേരെഴുതിച്ചേര്‍ത്തു. പലപ്പോഴും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ബൗളിങ് മേഖലയില്‍ ഒരു വിക്കറ്റ് കൂടി സച്ചിന്‍ തന്റെ പേരില്‍ കുറിച്ചു. ഷെയിന്‍ ഷില്ലിങ്‌ഫോഡിനെ എല്‍ബിഡബ്ലു ചെയ്ത സച്ചിന്‍ രണ്ടു ഓവറുകളില്‍ പന്തെറിഞ്ഞപ്പോള്‍ ഒരെണ്ണം മെയ്ഡനായി. ആകെ നല്‍കിയത് 5 റണ്‍സും. സച്ചിനെ കാണാനായി മാത്രം അന്‍പതിനായിരത്തോളം കാണികള്‍ ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സിലെത്തി എന്നാണ് ഇതുവരെ ഉള്ള കണക്ക്.