ന്യൂഡല്‍ഹി: ആസൂത്രണ കമ്മീഷനു പുറമെ  യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും (യു.ജി.സി.) ഇല്ലാതാവുന്നു. വ്യാജ സര്‍വകലാശാലകളുടെ പ്രവത്തനം തടയുക എന്ന ലക്ഷ്യത്തോടെയാണ്  കേന്ദ്ര സര്‍ക്കാരിന്റെ  ഈ നീക്കം .  ഇന്ത്യയിലെ സര്‍വകലാശാലകളുടെ  നിലവാരം ഉയര്‍ത്താനുള്ള യഥാര്‍ഥ നിയന്ത്രണ സ്ഥാപനമാക്കാനാണ്  ‘ഉന്നത വിദ്യാഭ്യാസ ഗവേഷണ കമ്മീഷന്‍’ എന്ന പേരില്‍ പുതിയ സ്ഥാപനം രൂപവത്കരിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

1956-യില്‍  യു.ജി.സി. നിയമം നിലവില്‍ വരുമ്പോള്‍  20 സര്‍വകലാശാലകളും 500 കോളേജുകളും  2.1 ലക്ഷം വിദ്യാര്‍ഥികളുമായിരുന്നു ഉണ്ടായിരുന്നതു . എന്നാല്‍ ഇന്ന് ഇന്ത്യയില്‍ 726 സര്‍വകലാശാലകളുടെ കീഴിലായി 38,000 കോളേജുകളും 2.8 കോടി വിദ്യാര്‍ഥികളുമുണ്ട്.  യു.ജി.സിയെ. ഉടച്ചുവാര്‍ക്കാന്‍ സമയമായി എന്ന അഭിപ്രായങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന് വന്നിരുന്നു.  ഈ സാഹചര്യത്തിലാണ് യു.ജി.സി. ഉടച്ചുവാര്‍ക്കാന്‍ എന്‍.ഡി.എ. സര്‍ക്കാര്‍ മൂന്നംഗ സമിതി രൂപവത്കരിച്ചത്.

നരേന്ദ്രമോദി സര്‍ക്കാര്‍ ജൂലായില്‍ നിയോഗിച്ച മൂന്നംഗസമിതിയാണ് യു.ജി.സി.യെ ഉടച്ചുവാര്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.വ്യാജസര്‍വകാലശാലകളുടെ നടത്തിപ്പുകാര്‍ക്കെതിരെ കര്‍ക്കശമായ ശിക്ഷാനടപടികള്‍ ഉള്‍പെടുത്തി സമിതി ഈ മാസം അവസാനം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.

ആസൂത്രണ കമ്മീഷനു പുറമെ  യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും (യു.ജി.സി.) ഇല്ലാതാകുമ്പോള്‍ നെഹ്‌റു സര്‍ക്കാരിന്റെ കാലത്ത് രൂപവത്കരിച്ച ഈ രണ്ടു പ്രധാനസ്ഥാപനങ്ങള്‍ ചരിത്രത്തില്‍ ഇടം തേടും. ‘ഉന്നത വിദ്യാഭ്യാസ ഗവേഷണ കമ്മീഷന്‍’ എന്ന പേരില്‍ യു.ജി.സി.ക്ക് പകരം  രൂപവത്കരിക്കാന്‍ പോകുന്ന കമ്മീഷനില്‍ സ്ഥിരം കമ്മീഷന്‍ കൂടാതെ, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ തുടങ്ങിയ വിദ്യാഭ്യാസ സമിതികളില്‍നിന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ ഭരണസമിതി രൂപവത്കരിക്കും. സ്വകാര്യ സര്‍വകലാശാലകളുടെ പ്രവര്‍ത്തനവും ഈ കമ്മീഷന്റെ പരിധിയില്‍ കൊണ്ടുവരും.