ഇനി ഉബുണ്ടു സ്മാര്‍ട്ട്‌ ഫോണുകളുടെ കാലം.  ലിനക്‌സ് അധിഷ്ഠിത ഉബുണ്ടു പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ മോഡല്‍ ഉടന്‍ വിപണിയിലെത്തുന്നു. അക്വാരിയസ് ഇ4.5 ( Aquarius E4.5 ) എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ അടുത്തയാഴ്ച മുതല്‍ യൂറോപ്പില്‍ പരിമിതമായ തോതില്‍ വില്പനയ്‌ക്കെത്തുന്നു.ഇന്നിറങ്ങുന്ന സ്മാര്‍ട്‌ഫോണുകളില്‍ 84.4 ശതമാനവും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡില്‍ ഓടുന്നവ തന്നെ. 11.7 ശതമാനം പേര്‍ ആപ്പിള്‍ ഐ.ഒ.എസും 2.9 ശതമാനം പേര്‍ വിന്‍ഡോസ് ഫോണും 0.5 ശതമാനം പേര്‍ ബ്ലാക്ക്‌ബെറി ഒ.എസും ഉള്ള ഫോണുകളുപയോഗിക്കുന്നു.

ബ്രിട്ടീഷ് കമ്പനിയായ കാനൊണിക്കലാണ് ഉബുണ്ടു മൊബൈല്‍ ഒ.എസിന്റെ സൃഷ്ടാക്കള്‍. 4.5 ഇഞ്ച് ഡിസ്‌പ്ലേയാണ് അക്വാരിയസിലുള്ളത്. 1.3 ഗിഗാഹെര്‍ട്‌സ് മീഡിയാടെക് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറ, അഞ്ചു മെഗാപിക്‌സല്‍ മുന്‍ക്യാമറ, 2150 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍.

എച്ച്.ടി.എം.എം.എല്‍.5 വെബ് പ്രോഗ്രാമിങ് ഭാഷയിലോ ഉബുണ്ടുവിന്റെ സ്വന്തം ക്യു.എം.എല്‍. കോഡിലോ എഴുതപ്പെട്ട എല്ലാ മൊബൈല്‍ ആപ്ലിക്കേഷനുകളും അക്വാരിയസ് ഫോണില്‍ പ്രവര്‍ത്തിപ്പിക്കാനാകും.

പാട്ടുകള്‍ കേള്‍ക്കാനായി മ്യൂസിക് സ്‌കോപ്പ്, യൂട്യൂബില്‍ നിന്നുള്ള വീഡിയോകള്‍ കാണാനായി വീഡിയോ സ്‌കോപ്പ്, ഫോണിലെ ഫോട്ടോകള്‍ക്കൊപ്പം ഫെയ്‌സ്ബുക്ക് പോലുള്ള സൗഹൃദക്കൂട്ടായ്മാ സൈറ്റുകളിലെയും ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ സ്‌കോപ്പ്, തൊട്ടടുത്തുള്ള റസ്‌റ്റോറന്റുകള്‍, പൊതുഗതാഗതസംവിധാനങ്ങള്‍, ഗതാഗതവിവരങ്ങള്‍ എന്നിവയറിയാനുളള നിയര്‍ബൈ സ്‌കോപ്പ്, മറ്റു കമ്പനികളുടെ പ്രോഗ്രാമുകളും ആപ്പുകളും പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പ്‌സ് സ്‌കോപ്പ് എന്നിവയും ഫോണിലുണ്ട്.

യൂറോപ്പിലെ വിവിധ ഇ-ടെയ്‌ലിങ് വെബ്‌സൈറ്റുകളുമായി സഹകരിച്ചുകൊണ്ട് അക്വാരിയസ് ഫോണിന്റെ ‘ഫ്ലൂഷ് സെയില്‍’ നടത്താനുള്ള തയ്യാറെടുപ്പിലാണ് കാനോണിക്കല്‍. 170 യൂറോ (11,947 രൂപ) ആണ് ഈ ഫോണിന്റെ വില