തിരുവനന്തപുരം:സ്പീക്കര്‍ ജി. കാര്‍ത്തികേയനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരാഴ്ചത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, നെഗോഷ്യേബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ശനിയാഴ്ച (മാര്‍ച്ച് ഏഴ്) ഉച്ചയ്ക്കുശേഷം അവധിയും നല്‍കിയിട്ടുണ്ട്. അതേസമയം പബ്ലിക് സര്‍വീസ് കമ്മീഷന്‍, സര്‍വകലാശാലകള്‍ എന്നിവ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഞായറാഴ്ച വൈകുന്നേരം 6.30 ന് തൈക്കാട് ശ്മശാനത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ജി.കാര്‍ത്തികേയന്റെ സംസ്‌കാരം നടക്കും.