ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് എട്ട് (ഞായര്‍) പുലര്‍ച്ചെ രണ്ടു മണിമുതല്‍ ക്ളോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവയ്ക്കും. വസന്തകാലം ആരംഭിച്ച് മാര്‍ച്ചിലെ രണ്ടാം ഞായറാഴ്ചയാണു പകലിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ വര്‍ധിക്കുന്ന ഈ സമയ മാറ്റം നിലവില്‍ വരാന്‍ പോകുന്നത്. കഴിഞ്ഞ 2014 നവംബര്‍ രണ്ടിനായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചു വച്ചിരുന്നത്.

ഒന്നാം ലോക മഹായുദ്ധം നടക്കുന്ന കാലഘട്ടത്തില്‍ സമയമാറ്റം ഔദ്യോഗികമായി അംഗീകരിച്ച് അമേരിക്കന്‍ ഗവണ്‍മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സ്പ്രിംഗ് സീസണ്‍ ആരംഭിക്കുന്നതോടെ സൂര്യ പ്രകാശം ധാരാളമായി ലഭിക്കുമെന്നതിനാല്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ധിച്ചു. വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിനും മിച്ചമായി ലഭിക്കുന്ന വൈദ്യുതി യുദ്ധ മേഖലകളില്‍ ഉപയുക്തമാക്കുകയും ചെയ്യാം എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗവണ്‍മെന്റ് ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്.സ്പ്രിംഗ് ഫോര്‍വേര്‍ഡ് ഫോള്‍ ബാക്ക് എന്ന ചുരുക്കപ്പേരിലാണു സമയമാറ്റം അമേരിക്കയില്‍ അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടറിക്കൊ, വെര്‍ജിന്‍ ഐലന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ സമയമാറ്റം ബാധകമല്ല.