തിരുവനന്തപുരം:സംസ്ഥാന യുവജന കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാഷണല്‍ യൂത്ത് മീറ്റിന് ഇന്ന് ( മാര്‍ച്ച് 12) തുടക്കം. കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മീറ്റ് മാര്‍ച്ച് 14 ന് സമാപിക്കും. ചടങ്ങില്‍ യുവജന കമ്മീഷന്‍റെ ഈ വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കും. അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയനോടുള്ള ആദരസൂചകമായി ഉദ്ഘാടന സമ്മേളനം മാറ്റിവെച്ചു കൊണ്ടാണ് യൂത്ത് മീറ്റ് നടക്കുക. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മീറ്റില്‍ അക്കാദമിക് -സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നടക്കം മുന്നൂറോളം യുവാക്കള്‍ പങ്കെടുക്കുന്ന മീറ്റില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ദര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മീറ്റിന്റെ ഭാഗമായി ഓപ്പണ്‍ ഫോറവും സെമിനാറുകളും നടക്കും. മന്ത്രിമാരായ പി കെ ജയലക്ഷ്മി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി എസ് ശിവകുമാര്‍ , എം എല്‍ മാരായ ടി വി രാജേഷ്, കെ മുരളീധരന്‍, കെ എം.ഷാജി, ഷാഫി പറമ്പില്‍, വി ടി ബല്‍റാം, വി എസ് സുനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ശ്രീരാമകൃഷ്ണന്‍, ഹൈബി ഈഡന്‍, എന്‍ ഷംസുദീന്‍, വി ഡി സതീശന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. എം പിമാരായ ശശി തരൂര്‍, ജോസ് കെ മാണി , ഡോ. എ സമ്പത്ത്, ചീഫ് സെക്ര ട്ടറി ജിജി തോംസണ്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.അബ്ദുള്‍ സലാം, എം ജി യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, ഡോ. ഡി ബാബുപോള്‍ തുടങ്ങിയവരും മീറ്റില്‍ പങ്കെടുക്കും.