തിരുവനന്തപുരം: തിരുവനന്തപുരത്തിന്‍റെ സമഗ്ര വികസനത്തിന് അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ടുള്ള സാമ്പത്തിക വകയിരുത്തലുകളാണ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് തിരുവനന്തപുരം എം.എല്‍.എ കൂടിയായ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. തലസ്ഥാന മേഖലാ വികസനത്തിന് കേന്ദ്ര-സംസ്ഥാന -സ്വകാര്യപങ്കാളിത്തത്തോടുകൂടി വിഭാവനം ചെയ്ത 1466 കോടി രൂപയുടെ പദ്ധതിയില്‍ 278 കോടി സംസ്ഥാന വിഹിതമായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 2000 കോടി രൂപയുടെ 11 വന്‍കിട അടിസ്ഥാന വികസന പദ്ധതിയില്‍ ആറെണ്ണം ജില്ലയുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടവയാണ്. തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബ് അര്‍ബന്‍ റെയില്‍ കോറിഡോര്‍ , എയര്‍പോര്‍ട്ട് മൊബിലിറ്റി ഹബ്, മോണോ റെയില്‍, തലസ്ഥാന മേഖലാ വികസനം, വിഴിഞ്ഞം തുറമുഖം, ദേശീയ ഗെയിംസിനോടനുബന്ധിച്ചു നടത്തിയ കായിക വികസനം എന്നിവയാണ് അവ. കരമന-കളിക്കാവിള നാലുവരിപാത രണ്ടാംഘട്ട വികസനം ഈ വര്‍ഷത്തെ 14 സംസ്ഥാന ഫ്‌ളാഗ്ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കും. പ്രാവച്ചമ്പലം-വഴിമുക്ക് സ്‌ട്രെച്ചിലെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലുടന്‍ പദ്ധതി നിര്‍വ്വഹണം ആരംഭിക്കും. ട്രിഡ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ പുതിയ പദ്ധതികള്‍ക്കായി 69 കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്. തിരുവനന്തപുരം ആര്‍.സി.സിക്ക് സ്റ്റേറ്റ് കാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിനുള്ള സംസ്ഥാന വിഹതമായ 15 കോടി ഉള്‍പ്പെടെ 38.5 കോടിയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പി.എം.എസ്.എസ്.വൈ പദ്ധതിയുടെ സംസ്ഥാന വിഹിതമായ 10 കോടി ഉള്‍പ്പെടെ 22 കോടി രൂപയും ജലസംഭരണിയും പമ്പ് ഹൗസും സ്ഥാപിക്കുന്നതിന് 75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അരുവിക്കര കുടിവെള്ള പദ്ധതിയെക്കൂടാതെയുള്ള ബദല്‍ പദ്ധതിക്ക് 10 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. നെയ്യാര്‍ഡാമില്‍ നിന്നും മാറനല്ലൂര്‍ വഴി വെള്ളയമ്പലം റിസര്‍വോയറിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. വിഴിഞ്ഞം കാര്‍ഗോ ഹാര്‍ബറിന് 10 കോടി, ടാഗോര്‍ തിയേറ്റര്‍ വികസനത്തിന് 10 കോടി, കരമന-കിള്ളിയാറുകളുടെ ശാസ്ത്രീയ പരിപാലനത്തിന് എട്ട് കോടി, നഗരസഭാപരിധിയിലെ പരിസ്ഥിതി വികസനത്തിന് അഞ്ച് കോടി, തൈക്കാട് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് സ്ഥാപിക്കുന്നതിന് അഞ്ച് കോടി, പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് 5.5 കോടി, ഹോമിയോ കോളേജ് വികസനത്തിന് 6.9 കോടി, നഗരത്തിലെ പഴയ സ്വിവറേജ് ലൈനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് ആറുകോടി, വലിയതുറ-തുറമുഖ വികസനത്തിന് ഒരു കോടി, വഴുതക്കാട് ഫ്‌ളൈ ഓവര്‍ സ്ഥാപിക്കുന്നതിന് ഒരു കോടി, ഡന്റല്‍ കോളേജിന് രണ്ടുകോടി, നഴ്‌സിംഗ് കോളേജിന് 75 ലക്ഷം, കണ്ണാശുപത്രിക്ക് രണ്ടുകോടി, അനലറ്റിക്കല്‍ ലബോറട്ടറി നവീകരണത്തിന് ഒരു കോടി, ഫാര്‍സ്യൂട്ടിക്കല്‍ സയന്‍സ് കോളേജ് വികസനത്തന് ഒരു കോടി എന്നിവയാണ് തിരുവനന്തപുരത്തിനുള്ള മറ്റ് വകയിരുത്തലുകള്‍. ശാസ്ത്രീയ നടവഴികളും നടപ്പാതകളും റോഡ് ക്രോസിംഗും ഒരുക്കുന്നതിന് മൂന്ന് നഗരങ്ങള്‍ക്കായി അനുവദിച്ച 20 കോടിയുടെ പദ്ധതിയില്‍ തിരുവനന്തപുരവും ഉള്‍പ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.