പാരീസ്: ഫ്രാന്‍സില്‍ യാത്രാവിമാനം തകര്‍ന്ന് വീണ് 148 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജര്‍മന്‍ എയര്‍ലൈന്‍ കമ്പനിയായ ലുഫ്താന്‍സയുടെ ഉപവിഭാഗമായ ജര്‍മന്‍വിങ്‌സിന്‍റെ വിമാനമാണ് തകര്‍ന്നത്.ദക്ഷിണ ഫ്രാന്‍സില്‍ ആല്‍പ്‌സ് പര്‍വ്വത നിരകളിലാണ് വിമാനം തകര്‍ന്ന് വീണത്. ഫ്രാന്‍സിലെ ബാര്‍സലോണയില്‍ നിന്ന് ജര്‍മനിയിലെ ഡുസല്‍ഡോഫിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.142 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് പൈലറ്റുമാരും നാല് കാബിന്‍ ക്യൂവും ഉണ്ടായിരുന്നു. വിമാനത്തിലെ യാത്രക്കാര്‍ ആരും തന്നെ രക്ഷപ്പെട്ടിരിക്കാന്‍ ഇടയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഹോളണ്ടെ പറഞ്ഞു. യാത്രക്കാരില്‍ അധികവും ജര്‍മന്‍ പൗരന്‍മാരാണെന്നാണ് പ്രാഥമിക വിവരം. പ്രദേശിക സമയം 9.39 നാണ് അപകടം നടന്നത്. 150 മുതല്‍ 180 വരെ ആളുകള്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ബസ് എ320 വിഭാഗത്തില്‍ പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. ദക്ഷിണ ഫ്രാന്‍സിലെ ഒരു ഗ്രാമത്തില്‍ നിന്ന് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.