തിരുവനന്തപുരം:ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ ഷിയ ഹൂതി വിമര്‍ക്കെതിരെ സൗദി അറേബ്യ വ്യോമാക്രമണം തുടങ്ങി. 100 ഓളം യുദ്ധവിമാനങ്ങളാണ് സൗദി അറേബ്യ വ്യോമാക്രമണത്തിന് ഉപയോഗിക്കുന്നത്.സംഘർഷം രൂക്ഷമായ യെമനിൽ ആയിരക്കണക്കിന് മലയാളികൾ കുടുങ്ങി കിടക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. തലസ്ഥാന നഗരമായ സനയിലാണ് ഏറെ പേരും കുടുങ്ങിക്കിടക്കുന്നത്.ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് യെമനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരുന്നതായി പ്രവാസിക്ഷേമ മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ യെമന്‍ എംബസിയുമായി ബന്ധപ്പെടുകയും കുടുങ്ങിപ്പോയവരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരായുകയും ചെയ്തു. എംബസിയുമായി ബന്ധപ്പെട്ടവരില്‍ പലര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ല. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി ഇവരെ തിരികെ നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായി എംബസി അറിയിച്ചിട്ടുണ്ട്. നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി യെമനില്‍ കുടുങ്ങിപ്പോയവരുടെ വിശദാംശങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഹെല്‍പ്ഡസ്‌കില്‍ നല്‍കേണ്ടതാണ്. കേരളത്തില്‍ നിന്നും 1800 425 3939 എന്ന നമ്പറിലും വിദേശത്തുനിന്നും 91471 233 3339 എന്ന നമ്പറിലും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യെമനില്‍ ജോലി ചെയ്യുന്ന കേരളീയര്‍ അടിയന്തരമായി എംബസി അധികൃതരെ amb.sanaa@mea.gov.in, hoc.sanaa@mea.gov.inനോര്‍ക്ക റൂട്ട്‌സിലേയ്ക്ക്mail@norkaroots.net ലും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. നോര്‍ക്ക റൂട്ട്‌സിന്റെwww.norkaroots.net website ല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.സനയിലുള്ള ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തില്‍നിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ വ്യക്തമാക്കി.

Map of Yemen