ഡല്‍ഹി : നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി പണമില്ലാത്തതിന്‍റെ പേരില്‍ വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുന്നു. അഞ്ചു വര്‍ഷത്തേക്ക്‌ പദ്ധതി വിഹിതിമായി 18.5 ബില്ല്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്ന്‌ വ്യക്‌തമായതാണ്‌ ഇതിനു കാരണം.എന്നാല്‍ താന്‍ അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പിലാക്കുമെന്ന വാഗ്‌ദാനമാണ്‌ ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്‌. 2015 ഏപ്രില്‍ മുതല്‍ പദ്ധതി നടപ്പിലാക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ തീരുമാനം.

പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട്‌ ആരോഗ്യ വകുപ്പ്‌ തയ്യാറാക്കിയ പദ്ധതി രൂപരേഖയില്‍ ചെലവ്‌ 25.5 ബില്യണ്‍ ഡോളറായിരിക്കുമെന്ന്‌ വ്യക്‌തമാക്കിയിരുന്നു. പിന്നീട്‌ മോദിക്ക്‌ മുന്നില്‍ പദ്ധതി അവതരിപ്പിച്ചപ്പോള്‍ ചെലവ്‌ ചുരുക്കി 18.5 ബില്യണ്‍ ഡോളറാക്കി കുറച്ചുവെങ്കിലും ഇത്രയും വലിയ തുക പദ്ധതിക്കായി ചെലവഴിക്കാന്‍ സര്‍ക്കാരിന്‌ കഴിയില്ല എന്നതായിരുന്നു മോദിയുടെ നിലപാട്‌. പദ്ധതി നവീകരിച്ച്‌ വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത്തരം നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.