സിഡ്‌നി: ഈ ലോകകപ്പോടെ എം എസ് ധോണി ഏകദിനത്തില്‍ നിന്നും വിരമിക്കും എന്ന ചര്‍ച്ചകള്‍ക്ക് വിരാമമായി. ലോകകപ്പിന് രണ്ട് മാസം മുമ്പ് തുടങ്ങിയ ടെസ്റ്റ് പരമ്പര പാതിവഴിയില്‍ നില്‍ക്കേ ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചിരുന്നു. ലോകകപ്പ് കഴിയുന്നതോടെ ഏകദിനത്തില്‍ നിന്നും ധോണി വിരമിക്കുകയും വിരാട് കോലി ഇന്ത്യയുടെ ക്യാപ്റ്റനാകുകയും ചെയ്യും എന്നായിരുന്നു അഭ്യൂഹങ്ങള്‍. ലോകകപ്പ് കിട്ടിയാല്‍ വിരമിച്ചേക്കും എന്ന അവ്യക്തമായ സൂചനകള്‍ ധോണിയും പലപ്പോഴായി നല്‍കിയിരുന്നു. എന്നാല്‍ സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് പുറത്തായ ശേഷം ധോണി പറഞ്ഞത് തല്‍ക്കാലം വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ്. എനിക്ക് 33 വയസ്സേ ആയിട്ടുള്ളൂ. പൂര്‍ണമായും ഫിറ്റാണ്. ഓടാനും മറ്റും ഒരു കുഴപ്പവും ഇല്ലാതെ പറ്റുന്നുണ്ട്.അതുകൊണ്ട്തന്നെ വിരമിക്കല്‍ തീരുമാനം ഉടന്‍ ഉണ്ടാവില്ലെന്നും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ട്ട്വെന്‍റ്റി ട്ട്വെന്‍റ്റി വേള്‍ഡ്കപ്പ്‌ നേടുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം സൂചിപിച്ചു.