ശ്രീനഗര്‍:കാശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത  മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍  മരണം 10 ആയി. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് അപകട കാരണം.നിരവധിവീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടിരിക്കുന്നു.അതുകൊണ്ടുതന്നെ മരണസംഖ്യ കൂടാന്‍ സാധ്യത ഉള്ളതായും റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഝലം നദി കരകവിഞ്ഞു ഒഴുകുന്നു.ഇതിനെത്തുടര്‍ന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ദക്ഷിണ കശ്മീരിലെ ത്സലം നദിയിലെ ജല നിരപ്പ് 19 അടിയായി ഉയര്‍ന്നു. നദിക്കരയിലുള്ള കുടുംബങ്ങളെ അധികൃതര്‍ ഒഴിപ്പിച്ചുതുടങ്ങി. ഒരാഴ്ച്ചയോളം മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചത്.. ജമ്മു – ശ്രീനഗര്‍ ദേശീയപാത അടച്ചു. കുല്‍ഗാം, പുല്‍വാമ, ബാരാമുള്ള, കുപ്‌വാര, കാര്‍ഗില്‍ തുടങ്ങിയ ജില്ലകളില്‍ 24 മണിക്കൂറിനിടെ ഹിമപാതത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പ്രായം ചെന്നവരെയും കുട്ടികളെയുമാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുന്നത്.ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.കഴിഞ്ഞ വര്‍ഷം  ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ 300 പേര്‍ മരിച്ചിരുന്നു. ആയിരക്കണക്കിന് പേരാണ് ഭവനരഹിതരായത്.Kashmir Flood