ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം നിലനില്‍ക്കുന്ന യമനില്‍ നിന്ന് 344 ഇന്ത്യക്കാര്‍ അടക്കം 384 യാത്രക്കാരുമായി ആദ്യ കപ്പല്‍ യാത്ര തിരിച്ചു.ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് സുമിത്ര എന്ന കപ്പലാണ് യാത്രതിരിച്ചത്.യാത്രക്കാരെ അയല്‍രാജ്യമായ ജിബൂട്ടിയിലേക്ക് ഐ.എന്‍.എസ്. സുമിത്ര കൊണ്ടുപോകും. അവിടെനിന്ന് അവര്‍ വ്യോമസേനാവിമാനത്തില്‍ നാട്ടിലെത്തും.ഏദന്‍ കടലിടുക്കില്‍ മറ്റൊരു ദൌത്യത്തിലേര്‍പ്പെട്ടിരുന്ന ഐ.എന്‍.എസ്. സുമിത്രയെയാണ് പുതിയ ദൗത്യത്തിനു നിയോഗിച്ചത്.

ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാറിന്റെ ‘ഓപ്പറേഷന്‍ റാഹത്തി’ന്റെ ഭാഗമായി ഐ.എന്‍.എസ്. മുംബൈയും ഐ.എന്‍.എസ്. തര്‍ക്കഷും മുംബൈയില്‍നിന്ന് യെമനിലേക്കു യാത്രതിരിച്ചിട്ടുണ്ട്. കവരത്തി, കൊറല്‍ എന്നീ ചരക്കുകപ്പലുകളും പുറപ്പെട്ടിട്ടുണ്ട്.